പച്ചക്കറി കഷ്‍ണങ്ങൾക്കു വേണ്ടി ‘തിളയ്ക്കുകയാണ്’ സാമ്പാർ. പൊതുവിപണിയിൽ പച്ചക്കറിക്കു പൊള്ളുന്ന വിലയായതോടെ സാമ്പാറിന് പഴയ ‘തിളപ്പില്ല! വെള്ളരിക്കും തക്കാളിക്കും ചേമ്പിനും വില കൂടിയതോടെ തടിയനും മത്തനും ഉരുളക്കിഴങ്ങുമാണ് സാമ്പാറിലെ സ്ഥിരം ‘പകരക്കാർ’. കാരറ്റും ബീൻസും ‘സെഞ്ചുറി’യടിച്ചു മുന്നേറുകയാണ്. വില 100 കടന്നു. ചെറുനാരങ്ങ കിലോയ്ക്ക് 120–125 രൂപയായി. പയറും മാങ്ങയും സെഞ്ചുറിക്കു തൊട്ടരികെ.
സാമ്പാറിൽ മല്ലിയില വിതറണമെങ്കിൽ കിലോയ്ക്ക് 80 മുതൽ 100 രൂപ വരെ നൽകണം. കോളിഫ്ലവറിന് 105 രൂപയും ചെറിയ ഉള്ളിക്ക് 60–75 രൂപയും നൽകണം. ചെറിയ മുളകിന് 68 , വലിയമുളകിന് 75 , മുരിങ്ങക്കായയ്ക്ക് 65 രൂപയുമായി. കപ്പ കിലോയ്ക്ക് 40–45 രൂപ. പച്ചക്കറിക്ക് തോന്നുംപടി വിലയാണ് പലയിടത്തും. പൊതുവിപണിയിൽ വില കുതിക്കുമ്പോഴും സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപണം. കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഹോർട്ടികോർപ് വിൽപനശാലകളിൽ പലതിന്റെയും വില പൊതു വിപണിയുടേതിനു തൊടുത്താണെന്നാണു പരാതി.