ന്യൂഡെൽഹി: അരി, ഗോതമ്പ് ഉൾപ്പെടെ പാക്ക് ചെയ്ത് വിൽക്കുന്ന ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ രാജ്യത്ത് വില കൂടും. ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരം നികുതി ചുമത്തിയതിന്റെ ഭാഗമായാണ് വില വർധിക്കുന്നത്. പാക്ക് ചെയ്യാതെ തൂക്കി വിൽക്കുന്നവയ്ക്ക് നികുതി ഈടാക്കില്ലെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ നികുതി ഭാരം കൂടി അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ.
ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് മാത്രം ചുമത്തിയിരുന്ന നികുതിയാണ് ഇനിമുതൽ പാക്ക് ചെയ്യപ്പെടുന്ന എല്ലാ ഭക്ഷ്യ പദാർഥങ്ങൾക്കും ചുമത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ജി.എസ്.ടി കൗൺസിൽ തീരുമാന പ്രകാരം ഭക്ഷ്യ വസ്തുക്കൾക്ക് അടിസ്ഥാന നികുതിയായ അഞ്ച് ശതമാനം നികുതി ഈടാക്കും. ഇതോടെ പായ്ക്കറ്റിൽ അല്ലാത്ത അരിക്ക് പോലും വില കൂടും. ഗോതമ്പ്, പയർ, പാൽ, മൽസ്യം, തുടങ്ങി പെൻസിൽ, ആശുപത്രി വാസം, എൽഇഡി ബൾബുകൾ, ജൈവവളം എന്ന് വേണ്ട സാധാരണക്കാരനെ ബാധിക്കുന്ന എല്ലാത്തിനും നാൽപ്പത്തി ഏഴാം ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാന പ്രകാരം നികുതി ഈടാക്കും. ബാങ്കിംഗ് സേവനങ്ങളിൽ ചെക്കുകൾക്ക് ഈടാക്കുന്ന നികുതി 18% ആയി ഉയർത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വിലയിലെ ചാഞ്ചാട്ടം, ആഗോള വിതരണ ശൃംഖലയെ ബാധിച്ച റഷ്യ-യുക്രൈൻ യുദ്ധം, പണപ്പെരുപ്പം തുടങ്ങി മറ്റ് പല സാഹചര്യങ്ങളും ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധം രാജ്യത്ത് അനിയന്ത്രിത വിലക്കയറ്റം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പുറമെ ആണ് സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന നികുതി പരിഷ്കാരവും. നികുതി ഈടാക്കാനുള്ള സർക്കാർ നീക്കത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. മൊത്ത വിതരണ കേന്ദ്രങ്ങൾ അടച്ചിട്ട് വ്യാപാരികളും രാജ്യത്തിന്റെ പലയിടങ്ങളിൽ പ്രതിഷേധത്തിന്റെ ഭാഗമായി. ഇന്ന് ആരംഭിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ വിഷയം ഉന്നയിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികളും.