മോസ്കോ ∙ ‘‘ആ വിമാനം തിവീർ മേഖലയിൽ തകർന്നു. അതില്‍ യെവ്ഗിനി പ്രിഗോഷിനും ഉൾപ്പെടുന്നു.’’– ഇത്രമാത്രമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു തലവേദനയുണ്ടാക്കിയ യെവ്ഗിനി പ്രിഗോഷിന്റെ മരണത്തെ കുറിച്ച് റഷ്യന്‍ വ്യോമയാന ഏജൻസി റൊസാവിയാറ്റ്സ്യ പുറത്തുവിട്ട റിപ്പോർട്ട്. വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ പ്രിഗോഷിന്റെ പേരും ഉൾപ്പെട്ടിരുന്നു. പ്രിഗോഷിൻ ഉൾപ്പെടെ പത്തുപേർ വിമാനത്തിലുണ്ടായിരുന്നു എന്നാണു വിവരം. വിമാനം താഴെയിറങ്ങുന്നതിനിടെയായിരുന്നു തീപിടിച്ചു തകർന്നത്. യാത്രക്കാരുടെ പട്ടികയിൽ പേരുണ്ടെങ്കിലും വിമാനത്തിൽ പ്രിഗോഷിൻ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ആരാണ് യെവ്ഗിനി പ്രിഗോഷിൻ?
അതിനാടകീയമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെതിരെ കഴിഞ്ഞ ജൂണിൽ കലാപം നയിച്ച വ്യക്തിയാണ് റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ. എന്നാൽ ഒരു കൂലിപ്പട്ടാളത്തലവൻ എന്നതിനപ്പുറം രാജ്യത്തെ ശതകോടീശ്വരന്മാരിൽ ഒരാളാണ് പ്രിഗോഷിൻ. പുട്ടിന്റെ അടുത്ത അനുയായിയും ആയിരുന്നു. നിരവധി കുറ്റകൃത്യങ്ങൾ ചെയ്ത് 9 വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ച പ്രിഗോഷിൻ പുറത്തു വന്നയുടൻ കൈവച്ചത് ഭക്ഷ്യ ബിസിനസിലായിരുന്നു. ക്രെംലിനിലെ കേറ്ററിങ് കരാറുകൾ ഏറ്റെടുത്തും സൂപ്പർ മാർക്കറ്റുകളും റസ്റ്ററന്റുകളും തുടങ്ങിയും പ്രിഗോഷിൻ പതിയെ വളർന്നു. പുട്ടിൻ റഷ്യൻ പ്രസിഡന്റായപ്പോൾ പ്രിഗോഷിൻ വളർന്നത് ശതകോടീശ്വരനായാണ്.
∙ പുട്ടിനെതിരെ തിരിഞ്ഞ പ്രിഗോഷിൻ
യുക്രെയ്നുമായുള്ള യുദ്ധത്തിൽ വാഗ്നർ ഗ്രൂപ്പ് റഷ്യൻ സൈന്യത്തിനു മികച്ച പിന്തുണ നൽകി. റഷ്യ യുക്രെയിനില്‍ നടത്തിയ അധിനിവേശം 16 മാസം പിന്നിട്ടപ്പോഴാണ് പ്രിഗോഷിനും വാഗ്നർ സൈന്യവും പുട്ടിനു നേരെ തിരിഞ്ഞത്. എന്നാൽ കുറച്ചു നാൾ കഴിഞ്ഞപ്പോൾ വാഗ്നർ ഗ്രൂപ്പിന് യുക്രെയ്നിൽ നിന്ന് തിരിച്ചടികൾ ഉണ്ടായി. വാഗ്നർ സേനയെ വേണ്ടത്ര പിന്തുണയ്ക്കുന്നതിൽ റഷ്യൻ പ്രതിരോധ മന്ത്രാലയം പരാജയപ്പെട്ടെന്ന് പ്രിഗോഷിൻ വിമർശിച്ചു. ആയുധങ്ങളും പിന്തുണയും ലഭിച്ചില്ലെങ്കിൽ തന്റെ സൈനികരെ യുക്രെയ്നിൽനിന്ന് പിൻവലിക്കുമെന്ന് പ്രിഗോഷിൻ ഭീഷണി മുഴക്കി. എന്നാൽ റഷ്യൻ പ്രതിരോധ മന്ത്രാലയം അതിൽ പ്രതികരിക്കാതായതോടെ വാഗ്നർ കൂലിപ്പട്ടാളം മോസ്കോയ്ക്ക് നേരെ തിരിഞ്ഞു
∙ പ്രിഗോഷിന്റേത് മരണനാടകമോ?
പുട്ടിനെതിരായ നീക്കം പരാജയപ്പെട്ടതോടെ പ്രിഗോഷിൻ പൊതുവിടങ്ങളിൽ നിന്ന് അപ്രത്യക്ഷനായി. പ്രിഗോഷിൻ ജയിലിലടയ്ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകാമെന്ന റിപ്പോർട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു. ഇനി പ്രിഗോഷിൻ പുറംലോകം കാണില്ലെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും ഉണ്ടായി. എന്നാൽ ഈ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് യെവ്ഗിനി പ്രിഗോഷിൻ റഷ്യയിലേക്ക് വീണ്ടും മടങ്ങിയെത്തി. അട്ടിമറി നീക്കങ്ങളിൽനിന്ന് പിന്മാറിയ പ്രിഗോഷിനെതിരെയും വാഗ്നർ ഗ്രൂപ്പിനെതിരെയും ഉണ്ടായിരുന്ന കേസുകളും റഷ്യ പിന്‍വലിച്ചു. എന്നാൽ ഇപ്പോൾ വിമാനാപകടത്തിൽ പ്രിഗോഷിൻ കൊല്ലപ്പെട്ടെന്ന വിവരം പുറത്തു വരുമ്പോൾ, ആ വിമാനത്തിൽ പ്രിഗോഷിനുണ്ടായിരുന്നോ എന്ന രീതിയിലുള്ള സംശയങ്ങളും നിഴലിക്കുന്നുണ്ട്.