Spread the love
ബുദ്ധപൂർണിമ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാളിലേയ്ക്ക്

ബുദ്ധ ജയന്തി ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ സന്ദര്‍ശിക്കും. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയുടെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദര്‍ശനം. യുപിയിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ലുംബിനിയിലെത്തുന്ന മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിക്കും. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ആഘോഷിക്കുന്നതിനും കൂടുതല്‍ ആഴത്തിലാക്കുന്നതിനുമാണ് തന്റെ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ബുദ്ധജയന്തി ദിനത്തില്‍ മായാദേവി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തും. കേന്ദ്ര സർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനവും ഇരു നേതാക്കളും നിർവഹിക്കും. ജലവൈദ്യുതി, വികസനം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് മോദി നേപ്പാള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. ഉഭയകക്ഷി യോഗത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ സഹകരണം സംബന്ധിച്ച ചില ധാരണാപത്രങ്ങള്‍ (എംഒയു) കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ധാരണാപത്രങ്ങൾ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. 2014ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നരേന്ദ്ര മോദിയുടെ അഞ്ചാമത്തെ നേപ്പാള്‍ സന്ദര്‍ശനമാണിത്. 2019ല്‍ വീണ്ടും അധികാരത്തിലേറിയതിന് ശേഷം മോദി നടത്തുന്ന ആദ്യ നേപ്പാള്‍ സന്ദര്‍ശനമെന്ന പ്രത്യേതയുമുണ്ട്. ലുംബിനിയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി.

Leave a Reply