പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിൽ 22,500 കോടി രൂപ ചെലവിൽ നിർമ്മിച്ച 340 കിലോമീറ്റർ പൂർവാഞ്ചൽ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു. 341 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്‌പ്രസ് വേ തുറന്നതോടെ ലഖ്‌നൗ മുതൽ ബിഹാറിലെ ബക്‌സർ വരെയുള്ള യാത്രാ സമയം ഏഴ് മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി കുറയും. ലഖ്‌നൗ-സുൽത്താൻപൂർ ഹൈവേയിലെ ചന്ദ്‌സാരായി ഗ്രാമത്തിൽ നിന്നാണ് 341 കിലോമീറ്റർ ദൂരമുള്ള പൂർവാഞ്ചൽ എക്സ്പ്രസ് വേ ആരംഭിക്കുന്നത്. എക്സ്പ്രസ് വേയിൽ ഓരോ 100 കിലോമീറ്ററിലും രണ്ട് വിശ്രമകേന്ദ്രങ്ങൾ നിർമ്മിച്ച് വരികയാണ്. ഈ പ്രദേശങ്ങളിൽ റസ്റ്റോറന്റുകൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ, പെട്രോൾ പമ്പ്, മോട്ടോർ ഗാരേജ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
ഹൈവേ യുപിയെ ഒന്നിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു, “മൂന്ന് വർഷം മുമ്പ് ഞാൻ ഹൈവേയുടെ തറക്കല്ലിടുമ്പോൾ, ഒരു ദിവസം ഇവിടെ വിമാനത്തിൽ ഇറങ്ങുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഈ ഹൈവേ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും പ്രയോജനപ്പെടും”. സുൽത്താൻപൂർ ജില്ലയിൽ വൻ മുന്നൊരുക്കങ്ങളാണ് നടന്നത്. 3.2 കിലോമീറ്റർ നീളമുള്ള എമർജൻസി സ്ട്രിപ്പിൽ ലാൻഡിംഗിനായി ഡ്രൈ റൺ നടത്തി. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ഹൈവേയിൽ ഒരു മിറാഷ് 2000, ഒരു എഎൻ-32 ടർബോപ്രോപ്പ്, സുഖോയ്-30 എന്നിവ ലാൻഡ് ചെയ്തു.