നൂറാം ജൻമദിനത്തിൽ ശനിയാഴ്ച പുലർച്ചെ ഗാന്ധിനഗറിലുള്ള വസതിയിൽ എത്തി മോദി അമ്മയെ സന്ദർശിച്ചു. അമ്മയുടെ പാദപൂജ നടത്തുന്നതിന്റെയും അനുഗ്രഹം വാങ്ങുന്നതിന്റെയും ചിത്രങ്ങളും മോദി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 1923 ജൂൺ 18നാണ് ഹീരാബെൻ മോദി ജനിച്ചത്. അമ്മയുടെ പ്രചോദനാത്മകമായ ജീവിതത്തെ കുറിച്ച് അദ്ദേഹം വിശദമായ ഒരു ബ്ലോഗും എഴുതിയിട്ടുണ്ട്. പ്രായം അമ്മയുടെ ശാരീരിക ആരോഗ്യത്തെ ബാധിച്ചിരിക്കാമെന്നും, എന്നാൽ മാനസികമായി അമ്മ എന്നത്തേയും പോലെ തന്നെ ഉന്മേഷവതിയാണെന്നും, അമ്മ ഹിരാബയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
” മഴക്കാലത്ത് ഞങ്ങളുടെ വീട് ചോർന്നൊലിക്കുമായിരുന്നു. ചോർച്ച ഒഴിവാക്കാൻ വെള്ളം വീഴുന്ന ഭാഗത്ത് അമ്മ ബക്കറ്റുകളും മറ്റ് പാത്രങ്ങളും വെയ്ക്കും. ഈ പ്രതികൂല സാഹചര്യത്തിലും അമ്മ സഹിഷ്ണുതയുടെ പ്രതീകമായിരുന്നു. ഇതൊന്നുമല്ല ആശ്ചര്യപ്പെടുത്തുന്ന കാര്യം. അടുത്ത കുറച്ച് ദിവസത്തേക്ക് കൂടി അമ്മ ഈ വെള്ളം ഉപയോഗിക്കും എന്നതാണ്. ജലസംരക്ഷണത്തിന് ഇതിലും വലിയ ഉദാഹരണം വേറെന്താണുള്ളത്,” അദ്ദേഹം ബ്ലോഗിൽ കുറിച്ചു.
ജന്മദിനത്തിൽ ഗാന്ധിനഗറിലെ ഒരു റോഡിന് പ്രധാനമന്ത്രി മോദിയുടെ അമ്മയുടെ പേര് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അമ്മയുടെ പേര് എക്കാലവും അറിയപ്പെടാനും വരും തലമുറയ്ക്ക് സേവനങ്ങളുടെ പാഠങ്ങൾ പഠിക്കാനുമായാണ് ഈ തീരുമാനം.