തിരുവനന്തപുരം: മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാൻ ബജറ്റിൽ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാലൻ.പുതിയ നികുതികളും ഇല്ല.
അവ കോവിഡ് പ്രതിസന്ധിക്ക് ശേഷം പ്രഖ്യാപിക്കും.18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സീൻ നൽകാൻ 1000 കോടിയും അനുബന്ധ ഉപകരണങ്ങൾക്കായി 500 കോടി പ്രഖ്യാപിച്ചു.140 ദിവസം മുമ്പ് ജനുവരി 15ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 2021 -22 ബജറ്റിലെ പദ്ധതികളെല്ലാം നിലനിർത്തിയാണ്, ഇതേ സാമ്പത്തിക വർഷത്തേക്ക് തന്നെയുള്ള പുതിയ ബജറ്റ്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
• സാമ്പത്തിക പുനരുജ്ജീവനത്തിന് വായ്പകൾ,പലിശ സബ്സിഡി എന്നിവയ്ക്കായി 8300 കോടി.
• ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കുന്ന സ്മാർട്ട് കിച്ചൻ പദ്ധതിക്കായി അഞ്ചു കോടി.
• വിനോദസഞ്ചാര പുനരുജ്ജീവന പാക്കേജിന് സർക്കാർ വിഹിതം 30 കോടി. •ടൂറിസം മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനത്തിനു കെഎഫ്സി വഴി 400 കോടി വായ്പ.
• എല്ലാ വില്ലേജ് ഓഫീസുകളും, സേവനങ്ങളും സ്മാർട്ട് ആകും.
• കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ബാങ്ക് വഴി കുറഞ്ഞ നിരക്കിൽ 1000 കോടി വായ്പ.
• 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷകളും വാങ്ങാൻ ധനസ്ഥാപനങ്ങൾ വഴി 200 കോടി വായ്പ.
• ചെറുകിട- ഇടത്തരം സംരംഭകങ്ങളുടെയും സ്റ്റാർട്ടപ്പുകൾ വളർച്ചക്കായി 100 കോടി രൂപകോർപസ് ഉള്ള വെൻച്വൽ ക്യാപ്പിറ്റൽ ഫണ്ട്.
• പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 4 % പലിശയ്ക്ക് നബാഡിൽ നിന്നുള്ള
പശ്ചാത്തല സൗകര്യ പുനർ വായ്പാ കേരള ബാങ്ക് മുഖേന ലഭ്യമാക്കും. 2000 കോടിയുടെ വായ്പ പദ്ധതി.
• അതി ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് 10 കോടി.
• കെഎസ്ആർടിസി, സിഎൻജിക്ക് 100 കോടി.
മെഡിക്കൽ മേഖലക്ക്
• പകർച്ച വ്യാധികൾ കൈകാര്യം ചെയ്യുന്നതിന് എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേക ബ്ലോക്ക്. തിരുവനന്തപുരത്തും കോഴിക്കോട്ടും ഐസലേഷൻ ബ്ലോക്കിന് 50 കോടി.
• സിഎച്ച്സി താലൂക്ക്,ജില്ലാ,ജനറൽ ആശുപത്രിയിൽ 10 ബെഡ് വീതമുള്ള ഐസുലേഷൻ വാഡുകൾക്ക് 636.5 കോടി.
• 150 ടൺ ശേഷിയുള്ള ലിക്യുഡ് മെഡിക്കൽ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കും.വിദേശ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും പ്രാരംഭ ചെലവിനും 25 ലക്ഷം.
• കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ,നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ശക്തമാക്കാൻ 559 കോടി.
• ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ.പ്രാരംഭ ഘട്ടത്തിന് 25 കോടി.