Spread the love

കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്ന രീതി മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന് മല്ലിക സുകുമാരൻ. പരിചയസമ്പന്നരായ മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയെ പോലെ ആകരുതെന്നും ഓൺലൈൻ മാധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടല്ല, താൻ 70 വയസുവരെ ജീവിച്ചതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വ്യാജവാർത്തകൾക്കെതിരെ മല്ലിക സുകുമാരൻ പ്രതികരിച്ചത്.

എല്ലാ മാദ്ധ്യമങ്ങൾക്കും അവരുടേതായ രാഷ്‌ട്രീയ അഭിരുചികളുണ്ടെന്ന് അറിയാം. എന്നാലും ചില കാര്യങ്ങൾ സമൂഹത്തിന് മുന്നിലെത്തിക്കുമ്പോൾ സത്യമാണോയെന്ന് മനസിലാക്കണം. പണത്തിന് വേണ്ടി എന്തും വിളിച്ചുപറയുന്ന രീതിയാണ് ഇന്നത്തെ സാമൂഹ്യമാദ്ധ്യമങ്ങൾക്കുള്ളത്. ഓൺലൈൻ ചാനലുകൾക്ക് ലഭിക്കാവുന്നതിനേക്കാൾ കൂടുതൽ വിവരങ്ങൾ മുൻനിര മാധ്യമങ്ങൾക്കാണ് ലഭിക്കുന്നത്. അതുകൊണ്ട് എല്ലാം കൃത്യമായി മനസിലാക്കിയിട്ട് വാർത്തകൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ്.

ആരെങ്കിലും മരിച്ചാൽ അവരെ ഒന്ന് പോയി കാണാൻ കഴിയില്ല. കാരണം, അവിടെ പോയി ഒരു തുള്ളി കണ്ണീരെങ്കിലും വന്നാൽ മല്ലിക സുകുമാരൻ പൊട്ടി പൊട്ടി കരഞ്ഞു എന്നായിരിക്കും വാർത്ത വരുന്നത്. അടുത്തിടെ ബോംബെയിൽ നിന്ന് ഒരാൾ എന്നെ വിളിച്ചിരുന്നു. സ്വത്ത് ഭാ​ഗം വയ്‌ക്കുന്നതിന്റെ പേരിൽ മക്കൾ പിണങ്ങി പോയില്ലേ എന്ന് എന്നോട് ചോദിച്ചു. ഏതോ ഓൺലൈൻ മാധ്യമം പ്രചരിപ്പിച്ച വാർത്ത കണ്ടാണ് എന്നെ വിളിച്ചത്.

എന്റെ മക്കളുടെ കൈയ്യിൽ നിന്ന് ഞാൻ ഇങ്ങോട്ടാണ് എല്ലാം വാങ്ങുന്നത്, അല്ലാതെ അവരൊന്നും ഇതുവരെ എന്റെ കൈയ്യിൽ നിന്ന് ഒന്നും വാങ്ങി കൊണ്ട് പോയിട്ടില്ല. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ദയവുചെയ്ത് പ്രചരിപ്പിക്കാതിരിക്കുക. ഇതുപോലുള്ള പല വാർത്തകളും ഞാൻ ശ്രദ്ധിക്കാറില്ല. ആരെങ്കിലുമൊക്കെ വിളിച്ചാണ് തന്നോട് ഇതൊക്കെ പറയുന്നതെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Leave a Reply