Spread the love

മലയാള നടീ-നടന്മാരുടെ താര സംഘടനയായ AMMAയിൽ മിണ്ടാതിരുന്ന് കേൾക്കുന്നവർക്കേ സ്ഥാനമുള്ളുവെന്നും കൈനീട്ടം എന്ന പേരിൽ നൽകുന്ന സഹായത്തിൽ പോലും വിവേചനം നടക്കുന്നുവെന്നും വിമർശിച്ച് നടി മല്ലിക സുകുമാരൻ.

മരുന്നു വാങ്ങാൻ പോലും കാശില്ലാത്ത അഭിനേതാക്കൾ ഉണ്ട്, അവർക്കാണു യഥാർത്ഥത്തിൽ കൈനീട്ടം കൊടുക്കേണ്ടതെന്നും എന്നാൽ മാസത്തിൽ 15 ദിവസം വിദേശത്ത് കഴിയുന്നവർക്ക് പോലും ഇപ്പോൾ കൈനീട്ടം നൽകുന്നുണ്ട്. ഇക്കാര്യം താൻ ഇടവേള ബാബുവിനോട് പറഞ്ഞിരുന്നെന്നും നടി പറയുന്നു.

സംഘടനയുടെ തുടക്കകാലത്ത് പറ്റിയ പല തെറ്റുകളും തന്റെ ഭർത്താവും നടനുമായ സുകുമാരൻ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും നിയമപരമായി ഓരോ കാര്യവും തിരുത്താൻ അദ്ദേഹം പറഞ്ഞിരുന്നുവെന്നും താരം ഓർമിപ്പിച്ചു. എന്നാൽ അന്നത് ചിലരുടെ ഈഗോ ക്ലാഷിൽ അവസാനിക്കുകയായിരുന്നുവെന്നും എങ്കിലും അദ്ദേഹം മരിച്ചതിന് ശേഷം ഈ പ്രശ്‌നങ്ങൾ അവർക്ക് മനസിലായെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. അമ്മയിലെ എല്ലാ അംഗങ്ങളെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്നതു വലിയ പാടാണ്. മിണ്ടാതിരുന്നു കേൾക്കുന്നവർക്കേ അവിടെ പറ്റുകയുള്ളുവെന്നും മല്ലിക സുകുമാരൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിൽ സർക്കാരിനെയും മല്ലിക സുകുമാരൻ വിമർശിച്ചു. കേസ് എവിടെ വരെ എത്തിയെന്നു സർക്കാർ പറയണം. അതിജീവിതയായ ആ പെൺകുട്ടിക്കു നേരെ അക്രമം നടന്നു എന്നത് സത്യമാണ്. അതിന്റെ പേരിലാണ് ഈ ചർച്ചകൾ തുടങ്ങിയതും പല സംഘടനകളും ഘോരഘോരം പ്രസംഗിച്ചതും. ഏഴുവർഷം പിന്നിട്ടിട്ടും അന്വേഷണം എന്തായെന്ന് സർക്കാർ പറയണം. എന്നിട്ടുവേണം അവർ ഇന്നലെ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു പറയാനെന്നും മല്ലിക സുകുമാരൻ ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ട് കുടം തുറന്നുവിട്ട ഭൂതത്തെ പോലെയായി. മോശം പെരുമാറ്റമുണ്ടായാൽ ആദ്യ തവണ തന്നെ വിലക്കുകയാണ് വേണ്ടതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. അതേസമയം താരസംഘടനയുടെ തലപ്പത്തേക്ക് തന്റെ മകനും നടനുമായ പൃഥ്വിരാജ് പോകില്ലെന്നാണ് വിശ്വാസമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Leave a Reply