മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 33-ാം വിവാഹവാര്‍ഷികമാണ് ഇന്ന്. പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകള്‍ നേരുകയാണ് നടന്‍ പൃഥ്വിരാജ്. മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഹന്‍ലാലിന്റെ വിവാഹം. സിനിമാകുടുംബത്തില്‍ നിന്നു തന്നെയാണ് സുചിത്രയുടെയും വരവ്. പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താല്‍ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാര്‍ നടത്തികൊടുക്കുകയായിരുന്നു.
വിവാഹ ശേഷം മോഹന്‍ലാല്‍ പട്ടണപ്രവേശത്തിന്റെ സെറ്റിലായിരുന്നു ജോയിന്‍ ചെയ്തത്. വിവാഹത്തിന് മുന്‍പ് അംബിക അഭിനയിച്ച അവസാനത്തെ സിനിമ കൂടിയായിരുന്നു അത്. മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കോംപോയിലെ എക്കാലത്തേയും മികച്ച സിനിമ കൂടിയായിരുന്നു ഇത്. തിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തുപിടിക്കാറുണ്ട് മോഹന്‍ലാല്‍. മക്കളുടെ കാര്യങ്ങളും ബിസിനസിലുമെല്ലാം സഹായിച്ച് കൂടെത്തന്നെയുണ്ട് സുചിത്രയും.