എമ്പുരാന്റെ പ്രമോഷൻ തിരക്കിലാണ് പൃഥ്വിരാജ്. അതിനിടെ മുടങ്ങിയപ്പോയ ഒരു ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് വെളിപ്പെടുത്തിയതും ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ഒരു ചിത്രമാണ് ഉപേക്ഷിച്ചത് എന്ന് നടൻ പൃഥ്വിരാജ് വ്യക്തമാക്കുന്നു. അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിത്രമായിരുന്നു അത്. പല കാരണങ്ങളാല്‍ മുടങ്ങിയപ്പോയ ചിത്രമാണ്. തനിക്ക് ഒരുപാട് ഇഷ്‍ടം തോന്നിയ ഒരു പ്രമേയമായിരുന്നു അത്. എന്നാല്‍ മറ്റ് ചില സിനിമകളില്‍ ആ കഥാ പശ്ചാത്തലം ഉണ്ടായതിനാല്‍ ഇനിയത് സംഭവിച്ചേക്കില്ല. താനും മമ്മൂക്കയും ഒന്നിക്കേണ്ടിയിരുന്ന ഒരു സിനിമയാണ് അതെന്നും വ്യക്തമാക്കുന്നു നടൻ പൃഥ്വിരാജ്.
അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗായി എത്തുന്ന എമ്പുരാൻ മാര്‍ച്ച് 27ന് റിലീസാകും. ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് മലയാളികൾ അടക്കമുള്ള സിനിമാ പ്രേമികൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്..