Spread the love

നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ച ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് സുകുമാരന്‍. ഫേസ്ബുക്കില്‍ ആന്‍റണി ഇട്ട പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാം ഓകെ അല്ലേ അണ്ണാ, എന്നാണ് പോസ്റ്റിനൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ സുരേഷ് കുമാറിന്‍റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ആന്‍റണിയുടെ പോസ്റ്റ്. ഒപ്പം എമ്പുരാന്‍റെ ബജറ്റ് 141 കോടിയെന്ന് സുരേഷ് കുമാര്‍ പറഞ്ഞതിനെയും ആന്‍റണി വിമര്‍ശിച്ചിരുന്നു

“ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും.  ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്‌ളിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്‍ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നുും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.”

“എംപുരാനെപ്പറ്റി പറയുകയാണെങ്കില്‍, വന്‍ മുടക്കുമതലില്‍ നിര്‍മ്മിക്കപ്പെട്ട കെ ജി എഫ് പോലൊരു സിനിമ ദേശഭാഷാതിരുകള്‍ക്കപ്പുറം മഹാവിജയം നേടിയതിയതോടെ കന്നഡ ഭാഷാസിനിമയ്ക്കു തന്നെ അഖിലേന്ത്യാതലത്തില്‍ കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത്തരത്തിലൊരു വിജയം ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധ്യമായിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്‌നം കണ്ടുകൊണ്ടാണ് ആശിര്‍വാദിന്റെ പരിശ്രമം എന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാന്‍. അതു ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി അത്രമേല്‍ അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുകയാണ് അതിന്റെ സംവിധായകനടക്കമുള്ള പിന്നണിപ്രവര്‍ത്തകര്‍. ലാല്‍സാറിനെപ്പോലൊരു മഹാനടനും ഇക്കാലമത്രയും അതുമായി സഹകരിച്ചുപോരുന്നുണ്ട്.ലൈക പോലൊരു വന്‍ നിര്‍മ്മാണസ്ഥാപനവുമായി സഹകരിച്ചാണ് ഞങ്ങളീ സ്വപ്‌നം മുന്നോട്ടു കൊണ്ടുപോകുന്നത്”, ആന്‍റണി പെരുമ്പാവൂര്‍ കുറിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

Leave a Reply