പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് ഈ മാസം തന്നെ റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം
പൃഥ്വിരാജ് നായകനായ പൊലീസ് വേഷത്തിലെത്തുന്ന കോൾഡ് കേസിന്‍റെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം
30ന് ആമസോൺ പ്രൈമിലാണ് ചിത്രം പ്രേക്ഷകരിൽ എത്തുക. ഓടിടി റിലീസ് ചെയ്യുന്ന പൃഥ്വിരാജിന്‍റെ ആദ്യ ചിത്രമാണ്
കോൾഡ് കേസ്. നവാഗതനായ തനു ബാലക് ആണ് സംവിധാനം.
ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് കോൾഡ് കേസ്. എസ്‍പി സത്യജിത്ത് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. യഥാർത്ഥ
സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സാങ്കൽപിക കഥയാണ് കോൾഡ് കേസ് എന്ന് സംവിധായകൻ പറയുന്നു.
പൊലീസ് സ്റ്റോറി ആണെങ്കിലും ആക്ഷൻ രംഗങ്ങളില്ലെന്ന പ്രത്യേകതയും ഉണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കഴിഞ്ഞ ഒക്ടോബറിലാണ് ചിത്രം തിരുവനന്തപുരത്ത് ഷൂട്ട് ചെയ്തത്.
ഭൂരിഭാഗം രംഗങ്ങളും ഇൻഡോർ ആയാണ് ചിത്രീകരിച്ചത്. അദിതി ബാലൻ ആണ് നായിക. ശ്രീനാഥ് വി നാഥ് രചന
നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്.
ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോൺ,
ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമാണം.
തിയറ്ററുകൾ തുറക്കാത്തതിനാൽ പ്രതിസന്ധിയിലാണെന്നും താൻ നിർമാണത്തിൽ പങ്കാളിയായ രണ്ട് ചിത്രങ്ങൾ ഓടിടി
റിലീസ് ചെയ്യുകയാണെന്നും നിർമാതാവ് ആന്‍റോ ജോസഫ് തന്നെ വ്യക്തമാക്കിയത് വലിയ ചർച്ചയായിരുന്നു.
ഫഹദ് ഫാസിന്‍റെ ബിഗ് ബജറ്റ് ചിത്രം മാലിക് ആണ് ഓടിടി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. എന്നാൽ മാലിക്കിന്‍റെ
റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. വൻതുകയ്ക്കാണ് രണ്ട് ചിത്രങ്ങളും ആമസോൺ പ്രൈം വാങ്ങിയതെന്നാണ് റിപ്പോർട്ട്.