
കോട്ടയത്ത് ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ പൊലീസ് നടപടി. അപകടത്തിന് കാരണമായ ബസ് കോട്ടയം ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ ചിങ്ങവനം കൈനടി സ്വദേശി മനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്നു പല്ലിളകി കൈകളിൽ പരുക്കേറ്റ് പതിമൂന്നുകാരൻ അഭിരാം ചോരയൊലിപ്പിച്ച് നിന്നിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ബസ് ജീവനക്കാരുടെ സഹായം ഉണ്ടായില്ലെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു. കോട്ടയം പാക്കിൽ പവർഹൗസ് ജംഗ്ഷനിൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞിട്ടു. ഓട്ടോ മാറ്റിക് വാതിൽ തുറന്നു വച്ചതും അമിത വേഗവുമാണ് അപകട കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പ് നിഗമനം.








