മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ നിയന്ത്രണം വിട്ട ലോറി ബസില്‍ ഇടിച്ച് ഒരാള്‍ മരണപ്പെട്ടു. അരീക്കോട് സ്വദേശിനി വിജി (25) ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കൊണ്ടോട്ടി ബൈപ്പാസില്‍ രാവിലെ ആറുമണിക്കായിരുന്നു അപകടം. ലോറി ഇടിച്ചതിനെത്തുടര്‍ന്ന് ബസ് റോഡിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഒരു വൈദ്യുതി പോസ്റ്റിലും ഇടിച്ചാണ് ബസ് മറിഞ്ഞത്.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് അസിസ്റ്റന്റാണ് മരിച്ച വിജി. മൊറയൂരില്‍ നിന്നാണ് വിജി ബസില്‍ കയറിയത്. മെഡിക്കല്‍ കോളജിലേക്ക് ജോലിക്ക് പോകുകയായിരുന്നു.
മലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. ലോറിയിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.