
മിനിമം യാത്രാനിരക്ക് 12 ഉം കിലോമീറ്റര്‍ നിരക്ക് ഒരു രൂപ 10 പൈസയുമായി വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് മിനിമം ചാര്‍ജ് ആറും തുടര്‍ന്നുള്ള യാത്രാനിരക്കിന്‍റെ 50 ശതമാനമായും നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്, സ്വകാര്യബസുകള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കും.
കഴിഞ്ഞ നവംബറില്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍, 10 ദിവസത്തിനകം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്ന് സമരം മാറ്റി വെച്ചെങ്കിലും ഇതുവരെയും നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് ബസുടമാ സംയുക്തസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
സമരത്തിന് മുന്നോടിയായി തിങ്കളാഴ്ച ബസുടമകള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. കോവിഡ് കാലം കഴിയും വരെയും സ്വകാര്യ ബസുകളിലെ വാഹനനികുതി പൂര്‍ണമായും ഒഴിവാക്കുക, കോവിഡ് കാലത്ത് അടച്ച് വാഹന നികുതിയും പിഴയും ബസുടമകള്‍ക്ക് തിരികെ നല്‍കാനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.