മരയ്ക്കാറിന് മുമ്പേ പ്രിയദർശന്‍റെ ഹംഗാമ 2 ; ചിത്രം ഓടിടിയിൽ റിലീസ് ചെയ്യും
മോഹൻലാലിനെ നായകനാക്കി ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാറിന് മുന്നേ പ്രിയദർശന്‍റെ
മറ്റൊരു ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്തുന്നു. ഹിന്ദി ചിത്രം ഹംഗാമ -2 ജൂലൈ രണ്ടിന്
റിലീസ് ചെയ്യും. ഓടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം
റിലീസ് ചെയ്യുന്നത്. ആറ് വർഷത്തിന് ശേഷമാണ് പ്രിയദർശന്‍റെ ബോളിവുഡ് ചിത്രം
റിലീസ് ചെയ്യുന്നത്.
പരേഷ് റാവലും ശിൽപ ഷെട്ടിയും മീസാൻ ജാഫ്രിയും പ്രധാന വേഷത്തിൽ എത്തുന്ന
ചിത്രത്തിൽ അക്ഷയ് ഖന്ന അതിഥി താരമായി അഭിനയിച്ചിരിക്കുന്നു. ഹംഗാമയുടെ
ആദ്യഭാഗം 2003ൽ ആണ് റിലീസ് ചെയ്തത്. 1984ൽ പുറത്തിറങ്ങിയ മലയാള ചിത്രം
പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്ക് ആയിരുന്നു ഹംഗാമ.
എന്നാൽ ആദ്യ ഭാഗത്തിന്‍റെ ബാക്കിയല്ല ഹംഗാമ 2 എന്ന് പ്രിയദർശൻ നേരത്തെ തന്നെ
വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധാരണയും ആശയക്കുഴപ്പവും എല്ലാം ആയിരുന്നു ആദ്യ
കഥയിലെ പ്രമേയം. രണ്ടാം ഭാഗത്തിലും അത്തരം സംഗതികളുണ്ട്. എന്നാൽ കഥ വ്യത്യസ്കമാണെന്നും
പ്രിയദർശൻ പറയുന്നു. 30 കോടി രൂപയ്ക്കാണ് ചിത്രം ഹോട്ട് സ്റ്റാർ സ്വന്തമാക്കിയത്.
ആഗസ്റ്റ് 12ന് ആണ് മരയ്ക്കാർ തീയറ്ററുകളിൽ എത്തുന്നത്. 100 കോടി മുതൽ മുടക്കിൽ
നിർമിച്ച ചിത്രം 500ൽ അധികം തിയറ്ററുകളിലാകും റിലീസ് ചെയ്യുക. മറ്റ് 5 ഭാഷകളിലും
ചിത്രം പുറത്തിറങ്ങും. മൂന്ന് ദേശീയ അവാർഡുകൾ സ്വന്തമാക്കിയ ചിത്രത്തിന്‍റെ
റിലീസ് ആരാധകർ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.