Spread the love

സിനിമ താരങ്ങളുടെ പ്രതിഫലത്തിലെ ലിംഗപരമായ വേര്‍തിരിവ് പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഇന്ത്യന്‍ സിനിമയില്‍ നായകന്മാരുടെയും നായികമാരുടെയും പ്രതിഫലം തമ്മില്‍ വലിയ അന്തരം ഉണ്ടാവാറുണ്ട്. അതേസമയം ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യലുമായി ബന്ധപ്പെട്ടാണ് പ്രതിഫലം നിശ്ചയിക്കപ്പെടുന്നത് എന്നതാണ് ഇതിനുള്ള എതിര്‍വാദം. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ദീപിക പദുകോണിനെ മറികടന്നാണ് പ്രിയങ്ക ഈ നേട്ടം സ്വന്തമാക്കുന്നത്.

ഇന്ത്യന്‍ ബിഗ് സ്ക്രീനില്‍ ബാഹുബലി അടക്കമുള്ള വിസ്മയങ്ങള്‍ ഒരുക്കിയ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത്. ആര്‍ആര്‍ആറിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകന്‍. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര വാങ്ങുന്നത് 30 കോടി രൂപയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കല്‍ക്കി, ഫൈറ്റര്‍ എന്നീ ചിത്രങ്ങളില്‍ ദീപിക പദുകോണ്‍ നേടിയ പ്രതിഫലത്തെ മറികടന്നാണ് പ്രിയങ്ക ചോപ്ര ഇന്ത്യയിലെ ഹയസ്റ്റ് പെയ്സ് ആക്ട്രസ് എന്ന പദവി സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം 30 കോടിക്കും മുകളിലാണ് പ്രിയങ്ക ചോപ്ര ആവശ്യപ്പെട്ടതെന്നും നിര്‍മ്മാതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം 30 കോടിയില്‍ കരാര്‍ ഉറപ്പിക്കുകയായിരുന്നെന്നും മണി കണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇന്ത്യന്‍ സിനിമ കണ്ടിട്ടില്ലാത്ത വലിപ്പത്തില്‍ ഒരുങ്ങാന്‍ തയ്യാറെടുക്കുന്ന ചിത്രമാണ് എസ്എസ്എംബി 29. 1000- 1300 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 400- 500 കോടിയോളം താരങ്ങളുടെ പ്രതിഫലം മാത്രമായി ചെലവഴിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്

Leave a Reply