കൊവിഡ് സമയത്ത് കുതിച്ച ഒടിടി ബിസിനസ് വലിയ തളർച്ചയിലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മുൻപ് മിക്ക ചിത്രങ്ങൾക്കും കോടികൾ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ പല ചിത്രങ്ങൾ വാങ്ങാനും ആരും താത്പര്യപ്പെടുന്നില്ല. താൻ നിർമിച്ച രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന ചിത്രം ചൂണ്ടിക്കാട്ടിയാണ് ലിസ്റ്റിൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
20 കോടിയിലധികം രൂപ മുതൽ മുടക്കിൽ നിർമിച്ച ചിത്രം ആരും ഇതുവരെ വാങ്ങിയില്ല. പല കാരണങ്ങൾ കൊണ്ടാണ് ആ ചിത്രം വിറ്റുപോകാതിരുന്നത്. പക്ഷേ അത് പ്ലാൻ ചെയ്യുമ്പോൾ അത് ബിസിനസ് നടക്കേണ്ട ചിത്രമായിരുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലിസ്റ്റിൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സൂപ്പർ താരങ്ങളുടെയടക്കംസിനിമകളും ഇന്ന് ഒടിടിയിൽ പോകുന്നത് പേ പെർ വ്യൂവിനാണ്. മുൻപ് ഇത് കോടികളുടെ കണക്കിലായിരുന്നു. ഇപ്പോൾ തിയേറ്ററിൽ ഓടിയാൽ മാത്രമാണ് ഒടിടിയിൽ കച്ചവടം നടക്കുന്നത്. പ്രേമലവും ഭ്രമയുഗവും ആവേശവും ബോഗയ്ൻവില്ലയും മഞ്ഞുമ്മൽ ബോയ്സു ഉൾപ്പട്ടെയുള്ള ചിത്രങ്ങളുടെ ബിസിനസ് നടന്നിരിക്കുന്നത് അങ്ങനെയാണ്.
ഹനീഫ് അദേനി സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ഹീസ്റ്റ് ആക്ഷൻ കോമഡി ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ . ആർഷ ബൈജു , ജാഫർ ഇടുക്കി, വിനയ് ഫോർട്ട് , മമിത ബൈജു, വിജിലേഷ്, ശ്രീനാഥ് ബാബു എന്നിവരോടൊപ്പം നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സോഫീസിൽ വമ്പൻ പരാജയമായിരുന്നു. 22 കോടി മുടക്കിയ ചിത്രം നേടിയത് നാലര കോടിയോളം രൂപയായിരുന്നു.