Spread the love

‘തുടരും’ സിനിമ ബസില്‍ പ്രദര്‍ശിപ്പിച്ചതിനെ കുറിച്ച് ഡ്രൈവറും ബസ് ജീവനക്കാരും അറിഞ്ഞിരുന്നില്ലെന്ന് ടൂറിസ്റ്റ് ബസിന്റെ ഉടമയായ അരീക്കോട്ടെ ഡൊമിനോസ് ട്രാവല്‍സ് ഉടമ ജഷീല്‍. ബസിലെ യാത്രക്കാരുടെ മൊബൈല്‍ ടിവിയില്‍ കണക്ട് ചെയ്താണ് സിനിമ കണ്ടത്. നിര്‍മ്മാതാവ് നേരിട്ട് വിളിച്ചെന്നും യാത്രക്കാരുടെ നമ്പറും വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നും ബസുടമ പ്രതികരിച്ചു.

മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിലാണ് തുടരും സിനിമ പ്രദര്‍ശിപ്പിച്ചത്. ടൂറിസ്റ്റ് ബസില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യം തെളിവ് സഹിതം ഒരു സ്ത്രീയാണ് ചിത്രത്തിലെ നടന്‍ ബിനു പപ്പുവിന് അയച്ചു നല്‍കിയത്. നടന്‍ ദൃശ്യങ്ങള്‍ നിര്‍മ്മാതാവ് എം രഞ്ജിത്തിന് കൈമാറുകയും പിന്നാലെ നിയമനടപടിക്ക് ഒരുങ്ങുകയുമായിരുന്നു.

കൊല്ലം രജിസ്ട്രേഷനിലുള്ള ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 150 കോടി കടന്നിട്ടുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്

Leave a Reply