ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന് ഉപാധികളോടെ മുൻകൂർ ജാമ്യം. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. ഇരക്കെതിരെ സാമൂഹ്യ മാധ്യമത്തിലടക്കം ഒരു പരാമർശവും നടത്തരുത് തുടങ്ങിയവയാണ് നിർദേശങ്ങൾ. കോടതി നിർദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിരുന്നു. . രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. ഉഭയസമ്മത പ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ബ്ലാക് മെയിലിന്റെ ഭാഗമായാണ് പരാതിയെന്നുമായിരുന്നു വിജയ് ബാബു കോടതിയിൽ വാദിച്ചിരുന്നു. അതേസമയം വിജയ് ബാബുവിന്റെ ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. വിദേശത്ത് ഒളിവിൽ പോയി ജാമ്യം നേടുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കമ്മീഷണർ പറഞ്ഞു. വിജയ് ബാബു പൊലീസിനെ കബളിപ്പിച്ചു. കേസിൽ ഇരക്കൊപ്പമാണ് പൊലീസ് നിന്നത്. വിജയ് ബാബു ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിൽ ഉറച്ച് നിൽക്കുന്നു. അന്വേഷണം ശക്തമായി തന്നെ മുന്നോട്ട് പോകുമെന്ന് സി എച്ച് നാഗരാജു പറഞ്ഞു.