നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റില്‍. ഇവരുടെ ജുഹുവിലെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 10 ഗ്രാം കഞ്ചാവ് ആണ് കണ്ടെത്തിയത്. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപിക് സബ്‍സ്റ്റാന്‍സസ് ആക്ട് പ്രകാരമാണ് ഷബാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സ്ഥിരീകരിച്ചു.
ആരക്ഷണ്‍, ഫിര്‍ ഫേര ഫേരി, വെല്‍കം തുടങ്ങി നിരവധി ബോളിവുഡ് സിനിമകളുടെ നിര്‍മാതാവാണ് ഫിറോസ് നാദിയാവാല. ഫിറോസിന് എന്‍സിബി നേരത്തെ സമന്‍സ് അയച്ചിരുന്നതാണ്. ഞായറാഴ്ച രാവിലെ ഹാജരാകണമെന്നായിരുന്നു എന്‍സിബി ഫിറോസിനോട് ആവശ്യപ്പെട്ടിരുന്നത്. പക്ഷേ ഫിറോസ് ഹാജരായിരുന്നില്ല.
നേരത്തെ കഞ്ചാവ് കേസില്‍ വാഹിദ് അബ്ദുല്‍ ഖാദിര്‍ ഷെയ്ഖ് എന്നയാളെ എന്‍സിബി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയെ തുടര്‍ന്നാണ് ഫിറോസിന്‍റെ വീട്ടില്‍ പരിശോധന നടത്തിയത്.