ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ നടി വിന്‍സിയുടെ പരാതി ഫെഫ്ക അട്ടിമറിച്ചെന്ന് ആരോപണം. ഷൈനിനെ ഫെഫ്ക വിളിച്ചുവരുത്തിയത് ദുരൂഹമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. ഫെഫ്ക നിയമം കാറ്റിൽപ്പറത്തിയെന്ന് ഫിലിം ചേംബർ മോണിറ്ററിങ് കമ്മറ്റി അംഗം റാണി ശരണും ഐസി തെളിവെടുപ്പിനിടെ ഫെഫ്ക വാർത്താസമ്മേളനം നടത്തിയത് തെറ്റെന്ന് നിര്‍മാതാവ് സന്തോഷ് പവിത്രവും കുറ്റപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകൾ മാധ്യമങ്ങൾക്ക് ലഭിച്ചു.
സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈനിൽനിന്ന് തനിക്ക് മോശം അനുഭവം നേരിട്ടെന്ന വിന്‍ സിയുടെ പരാതിയിൽ തിങ്കളാഴ്ചയാണ് ഇന്റേണൽ കമ്മറ്റി ആദ്യം തെളിവെടുത്തത്. വിൻ സിയെയും ഷൈനിനെയും കേട്ട കമ്മറ്റി അണിയറപ്രവർത്തകരിൽനിന്ന് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് ഫെഫ്ക വിഷയത്തിൽ ഇടപെട്ട് വാർത്താസമ്മേളനം നടത്തിയത്. ഷൈനിനെയും സിനിമയുടെ നിർമാതാവിനെയും ഫെഫ്ക ഓഫീസിൽ വിളിച്ചുവരുത്തി കേട്ടുവെന്നും ഷൈനിന് ഒരവസരം കൂടി നൽകുകയാണ് വേണ്ടതെന്നും ഉൾപ്പെടെയുള്ള ബി.ഉണ്ണികൃഷ്ണന്റെ വാർത്താസമ്മേളനമാണ് വിവാദമായത്. ഐസി അന്വേഷണം പൂർത്തിയായി റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്നിരിക്കെ ഫെഫ്കയുടെ ഇടപെടൽ അട്ടിമറിയെന്നാണ് ആരോപണം
വിഷയത്തിൽ സ്വീകരിക്കേണ്ട നടപടിക്കുള്ള ശുപാർശ സഹിതം ഐ.സി റിപ്പോർട്ട് നിർമാതാക്കളുടെ സംഘടനയ്ക്കും ഫിലിം ചേംബറിനും ഉൾപ്പെടെ ലഭിക്കേണ്ടതാണ്. കൂടുതൽ നടപടി ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് വേണമെങ്കില്‍ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറാം . ഈ നടപടിക്രമം ഒന്നും നടന്നിട്ടില്ലെന്നിരിക്കെയാണ് ഫെഫ്കയുടെ ഇടപെടൽ ചോദ്യം ചെയ്യപ്പെടുന്നതും.