കോഴിക്കോട്∙ മുക്കം എൻഐടിയിൽ അസിസ്റ്റന്റ് പ്രഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അസിസ്റ്റന്റ് പ്രഫസർ ജയചന്ദ്രന് ഓഫിസിൽ വച്ച് കുത്തേറ്റത്. മദ്രാസ് ഐഐടിയിൽ ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന ആളാണ് കുത്തിയതെന്നാണ് അറിഞ്ഞത്. സംഭവത്തിൽ തമിഴ്നാട് ഈറോഡ് സ്വദേശി വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥി എന്ന വ്യാജേനയാണ് വിനോദ് രാവിലെ എൻഐടിയിൽ പ്രവേശിച്ചത്. തുടർന്ന് ജയചന്ദ്രന്റെ ഓഫിസിൽ എത്തി വാക്കേറ്റമുണ്ടായി.
മേശപ്പുറത്തിരുന്ന പേനാക്കത്തി എടുത്ത് ജയചന്ദ്രനെ കുത്തുകയായിരുന്നു. കഴുത്തിലും വയറിലും കുത്തി. സംഭവം കണ്ട സെക്യൂരിറ്റിയും മറ്റധ്യാപകരും ചേർന്ന് വിനോദിനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസിന് കൈമാറി. ജയചന്ദ്രനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മദ്രാസ് ഐഐടിയിൽ ഒരു ഗൈഡിന്റെ കീഴിലായിരുന്നു പഠനം നടത്തിയിരുന്നത്. സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്നാണ് കുത്തിയതെന്നാണ് പ്രാഥമിക അറിയിപ്പ്. രണ്ടു വർഷം മുമ്പാണ് സേലം സ്വദേശിയായ ജയചന്ദ്രൻ മുക്കം എൻഐടിയിൽ ജോലിയിൽ പ്രവേശിച്ചത്.