
പട്ടാമ്പി, തൃത്താല മേഖലകളിലായി ഭാരതപ്പുഴയിൽ വരുന്നത് മൂന്ന് തടയണകൾ. ഇതിൽ രണ്ട് പദ്ധതികൾക്ക് അംഗീകാരമായിക്കഴിഞ്ഞു. പട്ടാമ്പി, കാങ്കപ്പുഴ തടയണകൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ആനക്കര കുമ്പിടിയിലെ കാങ്കപ്പുഴ റെഗുലേറ്റർ-കം-ബ്രിഡ്ജ് പദ്ധതിക്ക് കഴിഞ്ഞദിവസം നടന്ന കിഫ്ബി യോഗം 125 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. തടയണയ്ക്കായി 32.5 കോടിയുടെ നബാഡ് അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. കിഴായൂർ നമ്പ്രത്തെയും ഞങ്ങാട്ടിരി പമ്പ്ഹൗസിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് തടയണ നിർമിക്കാൻ പദ്ധതി തയ്യാറായിട്ടുള്ളത്. 325 മീറ്റർ നീളത്തിലും രണ്ട് മീറ്റർ ഉയരത്തിലുമാണ് തടയണ നിർമിക്കുക. കുടിവെള്ളം, ജലസേചനം എന്നിവയാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്.