കണ്ണൂർ പാപ്പിനിശേരിയിൽ നിന്നും എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി. തംബുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് വ്യാജപതിപ്പ് കണ്ടെത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരി കീരിയോട് സ്വദേശി രേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെൻഡ്രൈവുമായി എത്തുന്നവർക്ക് 15 രൂപ ഈടാക്കി സിനിമ പകർത്തി നൽകുന്നെന്ന വിവരം സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജിന് ലഭിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു പരിശോധന. സ്ഥാപനത്തിലെ കമ്പ്യൂട്ടറിൽ സിനിമയുടെ പകർപ്പ് കണ്ടെടുത്ത പൊലീസ് ഹാർഡ് ഡിസ്‌കുകളും ലാപ്‌ടോപ്പുകളും കസ്റ്റഡിയിലെടുത്തു. ഇന്റർനെറ്റ്, ഫോട്ടോസ്റ്റാറ്റ്, ലാമിനേഷൻ, പ്രിന്റിംഗ് സേവനങ്ങൾ നൽകുന്ന സ്ഥാപനം പാപ്പിനിശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ളതാണ്.
വിവിധ വെബ്‌സൈറ്റുകളിലൂടെയും ടെലഗ്രാമിലൂടെയും ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നുവെന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. ഒരു ദേശീയ മാദ്ധ്യമമാണ് ഈ വാർത്ത് റിപ്പോർട്ട് ചെയ്‌തത്. ഫില്‌മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് ലഭ്യമാണെന്നാണ് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ‘സ്‌പോയിലറുകളോടും പൈറസിയോടും നോ പറയാം’ എന്ന പോസ്റ്റർ പൃഥ്വിരാജ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തുടർന്ന് സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. വെബ്‌സൈറ്റുകളിൽ നിന്ന് വ്യാജപതിപ്പ് നീക്കം ചെയ്യുകയും ചെയ്‌തു. ഇവ ഡൗൺലോഡ് ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.