ജഡ്ജിമാർക്ക് സംരക്ഷണം ;സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി.
ന്യൂഡൽഹി : ധൻബാദിൽ അഡീഷനൽ ജില്ലാ ജഡ്ജിയെ വാഹനമിടിച്ചു കൊലപ്പെടുത്തിയതിനു പിന്നാലെ കോടതികളുടെയും ജഡ്ജിമാരുടെയും സംരക്ഷണം സംബന്ധിച്ചു സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണു വിഷയം പരിഗണിക്കുന്നത്. സംഭവം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ പ്രശ്നങ്ങളുണ്ടെന്നു വ്യക്തമാക്കുന്നതാണെന്നു കോടതി പറഞ്ഞു. വിചാരണ ജഡ്ജിമാരുടെ ജോലി സാഹചര്യങ്ങളും അവർ നേരിടുന്ന ഭീഷണിയും ഉൾപ്പെടെയുള്ള തലങ്ങൾ കോടതി പരിശോധിക്കും.രാജ്യവ്യാപകമായി ജഡ്ജിമാർക്കു നേരെ ഭീഷണിയും അക്രമവും നടക്കുന്നുവെന്നാണു റിപ്പോർട്ട്.
ജഡ്ജിമാർക്കു നേരെയുള്ള ഭീഷണിയും അക്രമവും വിശദമായി പരിശോധിക്കുകയും സംസ്ഥാനങ്ങളിൽ നിന്നു റിപ്പോർട്ട് തേടുകയും ചെയ്യുമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.അഡീഷനൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ ജാർഖണ്ഡ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് ആവശ്യപ്പെട്ടു. ജാർഖണ്ഡ് ഹൈക്കോടതിയും കേസെടുത്തിരുന്നു. സുപ്രീം കോടതി ഇപ്പോഴെടുത്തിരിക്കുന്ന കേസ് അതിനെ ബാധിക്കില്ല.ബുധനാഴ്ച രാവിലെ പ്രഭാതസവാരിക്കിടെയാണ് ഓട്ടോയിടിച്ച് ഉത്തം ആനന്ദ് മരിച്ചത്. സംഭവത്തിൽ 2 പേർ അറസ്റ്റിലായി.