ന്യൂഡൽഹി :ഡൽഹിയിലെ ജിബി പന്ത് നഴ്സുമാർ ആശുപത്രിയിൽ സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ നടപടി വൻ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച സർക്കാർആശുപത്രി അധികൃതർ.

ഡൽഹിയിലെ തന്നെ വലിയ സർക്കാർ ആശുപത്രികളിൽ ഒന്നായ ജിബിയിൽ നാനൂറിലേറെ പേരും( 66 %) മലയാളി നഴ്സുമാരാണ്.നഴ്സുമാർ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നത് മറ്റ് സംസ്ഥാനക്കാരായ സഹപ്രവർത്തകർക്കും,രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പരാതി ലഭിച്ചതിനെ തുടർന്ന്,ജോലി സ്ഥലത്ത് മലയാളം പാടില്ല എന്ന ഉത്തരവ് ശനിയാഴ്ച നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കുകയായിരുന്നു. ഇംഗ്ലീഷിലോ, ഹിന്ദിയിലോ ആശയവിനിമയം നടതാം.അല്ലാത്തപക്ഷം,കടുത്ത നടപടി ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ നടപടിക്കു പിന്നാലെ പ്രതിഷേധം ഉയരുകയും ഉത്തരവ് പിൻവലിക്കുകയുമായിരുന്നു.
ഭാഷയ്ക്ക് വേണ്ടിയുള്ള പ്രതിഷേധം ചുരുങ്ങിയ സമയത്തിനുള്ളിൽ സമൂഹമാധ്യമങ്ങളിൽ കത്തിപടരുകയായിരുന്നു.നടപടിക്കെതിരെ,ഇന്ത്യയിലെ മറ്റ് ഭാഷകളെപ്പോലെ ഭാരതീയമാണ് മലയാളമെന്നും,ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നും ട്വിറ്റ് ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി രംഗത്തെത്തിയതിനു പിന്നാലെ പ്രിയങ്കാഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും മലയാളത്തിൽ ട്വിറ്റ് ചെയ്ത പ്രതിഷേധിച്ചു.
സംഭവം വിവാദമായതോടെ സർക്കാരോ, ആശുപത്രി അധികൃതരോ അറിയാതെയായിരുന്നു ഉത്തരവ് എന്നതായിരുന്നു അധികൃതരുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ അനിൽ അഗർവാൾ പറഞ്ഞു. സംഭവത്തിൽ ഡൽഹി ആരോഗ്യമന്ത്രി ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്.