ലഖ്‌നൗവിലെ ലുലു മാളിനുള്ളില്‍ ഒരു സംഘം നമസ്‌കാരം നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം തുടരുന്നു. മാളിന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ച ഹിന്ദു മഹാസഭ ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാരിക്കേഡുകളുമായി മാളിന് മുമ്പില്‍ നിലയുറച്ച വന്‍ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജൂലൈ 11നാണ് യുപിയിലെ ഏറ്റവും വലിയ മാളെന്ന നേട്ടം സ്വന്തമാക്കി ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നാലെയാണ് ഒരു കൂട്ടം ആളുകള്‍ നമസ്‌കാരം നടത്തുന്ന വീഡിയോ വൈറലായത്. ഇതോടെ അഖില ഭാരത ഹിന്ദു മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തി.
പൊതു ഇടങ്ങളില്‍ നമസ്‌കരിക്കാന്‍ പാടില്ലെന്ന യുപി സര്‍ക്കാര്‍ ഉത്തരവ് ലുലു മാളില്‍ ലംഘിക്കപ്പെട്ടെന്ന് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പറഞ്ഞു. പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ലുലു മാള്‍ പ്രതിനിധികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവം കേസിലേക്ക് എത്തിയതോടെയാണ് മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്ന് ലുലു അധികൃതര്‍ പ്രഖ്യാപിച്ചു.