
സൈന്യത്തിലേക്ക് താല്‍ക്കാലിക റിക്രൂട്ട്മെന്റിന് വഴിയൊരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ പ്രായപരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രായപരിധി 21 വയസിൽ നിന്ന് 23 ആയി കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് തീരുമാനമുണ്ടായത്.
അതേസമയം അഗ്നിപഥിനെതിരെ ബിഹാറില്‍ പ്രതിഷേധം തുടരുകയാണ്. ജമ്മുതാവി എക്സ്പ്രസിന്റെ രണ്ട് ബോഗികള്‍ പ്രതിഷേധക്കാര്‍ ഇന്ന് രാവിലെ തീവച്ചു. നാലു വര്‍ഷത്തേക്കു മാത്രം യുവജനങ്ങളെ സൈന്യത്തിലേക്ക് എടുക്കുന്ന അഗ്നിപഥ് പദ്ധതിക്ക് എതിരെ ബിഹാര്‍, യുപി, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, മധ്യപ്രദേശ്, ജമ്മുകശ്മീര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പതിനായിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്.
സൈന്യത്തില്‍ 4 വര്‍ഷത്തെ താല്‍ക്കാലിക സര്‍വീസ് നടപ്പാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. വനിതകളടക്കം പതിനേഴര മുതല്‍ 23 വരെ പ്രായപരിധിക്കാരെ മൂന്നു സേനാ വിഭാഗത്തിലും അഗ്നിവീര്‍ എന്ന പേരില്‍ നിയമിക്കും. നാലുവര്‍ഷ കാലയളവില്‍ 31,000 മുതല്‍ 40,000 രൂപവരെയാണ് ശമ്പളം. 21,000 രൂപ മുതല്‍ 28,000 രൂപ വരെയാണ് കൈയില്‍ ലഭിക്കുക. ഓരോ ബാച്ചിലെയും 25 ശതമാനം പേര്‍ക്ക് ദീര്‍ഘകാല സേവനത്തിന് അവസരം നല്‍കും. പിരിയുന്നവര്‍ക്ക് പെന്‍ഷനുണ്ടാകില്ല. സേവാനിധി പാക്കേജ് എന്ന പേരില്‍ 11 മുതല്‍ 12 ലക്ഷം രൂപവരെ നല്‍കും.