
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം. സൈന്യത്തിൽ സ്ഥിരം സേവനത്തിനുള്ള അവസരം തടയുന്നു എന്നാരോപിച്ചുള്ള പ്രതിഷേധം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ബീഹാറിൽ ഇന്നലെ തുടങ്ങിയ പ്രതിഷേധം ഇന്നും തുടരുകയാണ്. ബിഹാറിലെ ബാബ്വയിൽ പ്രതിഷേധക്കാർ ട്രെയിനിന് തീ വച്ചു. ജെഹനാബാദിൽ ട്രെയിൻ തടഞ്ഞ പ്രതിഷേധക്കാർ നീക്കം ചെയ്യാനെത്തിയ പൊലീസിന് നേരെ കല്ലെറിഞ്ഞു. ബിഹാറിന് പിന്നാലെ ഇതര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്. ഹരിയാനയിൽ പ്രതിഷേധക്കാരും പൊലീസും പലയിടങ്ങളിൽ ഏറ്റുമുട്ടി. രാജസ്ഥാനിൽ റെയിൽപ്പാതയും ദേശീയ പാതയും ഉപരോധിച്ചു. അഗ്നിപഥ് പദ്ധതി വഴി സേനയിൽ കയറിയാലും നാലു വർഷം കഴിയുമ്പോൾ പുറത്തിറങ്ങണം. പ്രായപരിധി 21 വയസായി ചുരുക്കിയതും പ്രതിഷേധത്തിനു കാരണമാണ്. റിക്രൂട്ട്മെൻറ് റാലിക്കായി തയ്യാറെടുപ്പ് നടത്തി പ്രതീക്ഷയോടെ ഇരുന്നവരാണ് പ്രതിഷേധിക്കുന്നത്. അതെ സമയം അഗ്നിവീർമാരെ നിയമിക്കാനുള്ള നടപടി ഉടൻ തുടങ്ങുമെന്ന് ലഫ്. ജനറൽ ബി.എസ്.രാജു പറഞ്ഞു. അടുത്ത 6 മാസം കൊണ്ട് കാൽലക്ഷം അഗ്നിവീർ സൈനികരെ നിയമിക്കുമെന്നും കരസേനാ ഉപമേധാവി വ്യക്തമാക്കി.