കവരത്തി :ലക്ഷദ്വീപിൽ ഉയരുന്ന പ്രതിഷേധങ്ങൾ വാകവെക്കാതെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ.
കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനാണ് പുതിയ അറിയിപ്പ്. ദീപുകാരായ കരാർ ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കു പിന്നാലെ കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാകണമെന്നാണ് പുതിയ അറിയിപ്പ്. ലക്ഷദ്വീപിലെ നിയമന രീതികളെല്ലാം അട്ടിമറിച്ചുകൊണ്ട്, ലക്ഷദ്വീപിലെ ഒരു ജനപ്രതിനിധിയെയും ഉൾപ്പെടുത്താതെ, ഉത്തരേന്ത്യയിലെ ഉദ്യോഗസ്ഥർ മാത്രമുള്ള ഒരു സെലക്ഷൻ ബോർഡിന് നേരത്തെ തന്നെ രൂപം നൽകിയിരുന്നു.അതിന് പിന്നാലെയാണ് പുതിയ നടപടി.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ദിനേശ്വർ ശർമ അസുഖബാധിതനായി മരിച്ചതോടെയാണ് പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രറായി നിയമിച്ചത്. തുടർന്നുമുതലാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.ആരോടും ചോദിക്കാതെ തീരുമാനങ്ങളെടുക്കുക, പഞ്ചായത്തിൻറെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കൽ, കരാർ ജോലിക്കാരെ പിരിച്ചുവിടൽ, കന്നുകാലിവളർത്തൽ നിയന്ത്രണം, എന്നിങ്ങനെ നിരവധി കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമത്തിന് പിന്നാലെയാണ് പുതിയ നടപടി.
പുതിയ നീക്കം ദ്വീപുകാരുടെ തൊഴിൽ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ദ്വീപിൽ നടക്കുന്നത്.കൂടാതെ ഈ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും നീക്കമുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ വ്യാഴാഴ്‌ച ഓൺലൈനായി ലക്ഷദ്വീപിൽ സർവകക്ഷി യോഗം ചേരാനാണ് തീരുമാനം.