ഐഎസ്ആർഒയുടെ 2022ലെ ആദ്യ വിക്ഷേപണം ആയ പിഎസ്എൽവി സി 52 മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി നിർദ്ദിഷ്ട ഭ്രമണപഥത്തിൽ സ്ഥാപിച്ചു. റഡാർ ഇമേജിംഗ് ഉപഗ്രഹമായ ഇഒഎസ് 04 ആയിരുന്നു ദൗത്യത്തിലെ പ്രധാന ഉപഗ്രഹം, ഇൻസ്പയർ സാറ്റ് 1, ഐഎൻഎസ് 2 ടിഡി എന്നീ ചെറു ഉപഗ്രഹങ്ങളും ദൗത്യത്തിന്റെ ഭാഗമായിരുന്നു. എസ് സോമനാഥ് ഐഎസ്ആർഒ ചെയർമാനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇതു. റഡാർ ഇമേജിംഗ് ഉപഗ്രഹമായത് കൊണ്ട് ഏത് കാലാവസ്ഥയിലും ഭൂപ്രദേശങ്ങളുടെ മിഴിവേറിയ ചിത്രങ്ങളെടുക്കാൻ ഇഒഎസ് 04ന് സാധിക്കും. പത്ത് വർഷത്തെ ദൗത്യ കാലാവധിയാണ് ഇഒഎസ് 04ന് നൽകിയിരിക്കുന്നത്. ഇൻസ്പയർ സാറ്റ് 1 എന്ന ഉപഗ്രഹം നിർമ്മിച്ചത് ഇൻസ്പയർ പദ്ധതിയിലൂടെ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളും കൊളറാഡോ സർവകലാശാലയിലെ ലബോറട്ടറി ഫോർ അറ്റമോസ്ഫറിക് ആൻഡ് സ്പേസ് ഫിസിക്സും ചേർന്ന് ആണ്. ഐഎൻഎസ് 2 ടിഡി എന്ന സാങ്കേതിക വിദ്യാ പരീക്ഷണ ദൗത്യമായിരുന്നു മൂന്നാമത്തെ ഉപഗ്രഹം. അടുത്ത ദൗത്യവുമായി ഉടൻ കാണാമെന്നായിരുന്നു വിജയത്തിന് ശേഷമുള്ള ഇസ്രൊ ചെയർമാൻ്റെ പ്രതികരണം.