
പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി അവശ്യസാധനങ്ങള്‍ സാധാരണക്കാര്‍ക്ക് ന്യായ വിലയില്‍ ലഭ്യമാക്കുന്നതിലൂടെ പൊതു വിപണിയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞതായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്ത്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍. കരുളായി മാഞ്ചീരി ആദിവാസി കോളനിയിലെ 20 കുടുംബങ്ങള്‍ക്കുള്ള അന്ത്യോദയ അന്നയോജന റേഷന്‍കാര്‍ഡ് വിതരണവും സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനവും ‘ചോലനായ്ക്കര്‍ അന്നം തേടി’ എന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെടുങ്കയം കോളനി ബദല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുഴുവന്‍ ആദിവാസികള്‍ക്കും സൗജന്യമായി ആട്ട നല്‍കുന്നതിനുള്ള അനുമതിയും മന്ത്രി നല്‍കി.
സംസ്ഥാനത്ത് 1,82,172 കുടുംബങ്ങള്‍ക്കാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കിയത്. പൊതുവിതരണ കേന്ദ്രങ്ങളിലൂടെ പൊതു മാര്‍ക്കറ്റില്‍ 50 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഗുണമേന്മയുള്ള അരിയാണ് റേഷന്‍ കടകളിലൂടെ സൗജന്യമായി നല്‍കുന്നത്. നെല്‍കര്‍ഷകരില്‍ നിന്നും 28 രൂപക്കാണ് സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക് 14 രൂപ വരെയാണ് ലഭിക്കുന്നത്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട്. ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ ഊരുകളില്‍ എത്തിച്ചു നല്‍കും. കൂടാതെ റേഷന്‍ കാര്‍ഡിലുള്ള മുഴുവന്‍ വിഹിതവും കിട്ടിയെന്ന് ഉറപ്പുവരുത്തും. ഗോത്രവര്‍ഗ്ഗക്കാരെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിതരണ മേഖലയുടെ പ്രവര്‍ത്തനം മുമ്പെങ്ങുമില്ലാത്ത വിധം ശക്തിപ്പെട്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അധ്യക്ഷയായി. സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാന്‍ മോഹന്‍ കുമാര്‍ മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, പൊതുവിതരണ ഉപഭോക്തൃ കാര്യകമ്മീഷണര്‍ ഡി. സജിത്ത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.