പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ താലൂക്കില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജീവനക്കാര്‍ പൊതുവിപണിയില്‍ പരിശോധന നടത്തി.മത്സ്യമാംസ മാര്‍ക്കററുകള്‍, പഴം പച്ചക്കറി കടകള്‍, പലചരക്ക് കടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 14 കട ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. വില വിവരം പ്രദര്‍ശിപ്പിക്കാത്തതും ലൈസന്‍സ് എടുക്കാത്തതും മാനദണ്ഡങ്ങള്‍ പാലിക്കാതെ പാക്കിംഗ് നടത്തി വില്‍പ്പന നടത്തുന്നതും അമിതവില ഈടാക്കുന്നതും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അമിത വില ഈടാക്കിയ കട ഉടമകള്‍ക്ക് താക്കീത് നല്‍കി.
പൊതുവിപണിയില്‍ വില നിയന്ത്രണത്തിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി കര്‍ശന പരിശോധനകളാണ് പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധനയും നടപടിയും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി പറഞ്ഞു. പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ പി. അബ്ദുറഹിമാന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടമാരായ ടി.എ രജീഷ് കുമാര്‍, എസ്. സതീഷ്, പി. പുഷ്പ, എം.കെ ഷിനി, വകുപ്പ് ജീവനക്കാരനായ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.