കോഴിക്കോട് : സ്വകാര്യ ബസുടമകളുടെ സംയുക്ത സമിതി സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. കോഴിക്കോട് ജില്ലയിലെ 1260 സ്വകാര്യ ബസുകളും വയനാട് ജില്ലയിലെ 320 ബസുകളും ഓടിയില്ല.
സ്വകാര്യ ബസുകൾ പണിമുടക്കിയ ദിവസം , അധിക സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു കെഎസ്ആർടിസി. സ്വകാര്യ ബസുകൾ പണിമുടക്കുന്ന ദിവസങ്ങളിൽ അധിക സർവീസ് നടത്തി വരുമാനം വർധിപ്പിക്കാറുണ്ടായിരുന്ന കെഎസ്ആർടിസിക്ക് ഇന്നലെ അധിക സർവീസിനു ബസുകളോ ജീവനക്കാരോ ഇല്ലായിരുന്നു
അവധിക്കാലം അവസാനിക്കാനിരിക്കെ ബെംഗളൂരു റൂട്ടിലാണ് ഏതാനും ദിവസമായി കെഎസ്ആർടിസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 10 ബസുകളാണ് കോഴിക്കോട്–ബെംഗളൂരു റൂട്ടിൽ അധിക സർവീസ് നടത്തുന്നത്. പൊലീസിന്റെ അഭ്യർഥന കണക്കിലെടുത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു ഗവ. മെഡിക്കൽ കോളജ് റൂട്ടിൽ ഇന്നലെ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തി.
തലശ്ശേരി–വടകര–കോഴിക്കോട്, വടകര–കുറ്റ്യാടി റൂട്ടുകളിലെ യാത്രക്കാർ തുടർച്ചയായി 2 ദിവസമാണു സ്വകാര്യ ബസുകളുടെ പണിമുടക്കിൽ വലഞ്ഞത്. ബസ് ജീവനക്കാർക്കെതിരെ പോക്സോ കേസുകൾ എടുക്കുന്നുവെന്ന് ആരോപിച്ചു തിങ്കളാഴ്ച ഈ റൂട്ടുകളിൽ സ്വകാര്യ ബസുകൾ സമരം നടത്തിയിരുന്നു.