മറാത്തി ചിത്രമായ ‘പഗ് ല്യാ’ രാജ്യാന്തര ശ്രദ്ധ നേടുകയാണ്. കുട്ടികൾക്കുള്ള ഈ സിനിമ വേൾഡ് പ്രീമിയർ ഫിലിം അവാർഡിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി ,പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായിട്ടുള്ള പുരസ്‌കാരങ്ങളാണ് നേടിയത്.
രണ്ടായിരത്തോളം ചിത്രങ്ങളിൽ നിന്നാണ് ‘പഗ് ല്യാ’ ഒന്നാം സ്ഥാനത്ത് എത്തിയത്. വേൾഡ് പ്രീമിയർ ഫിലിം അവാർഡിൽ അംഗീകാരം കിട്ടുന്ന ആദ്യ ഇന്ത്യൻ ഭാഷാചിത്രം എന്ന പ്രത്യേകതയും മറാത്തി ഭാഷയിൽ ഒരുക്കിയ പഗ് ല്യായ്ക്കുണ്ട്.
വിനോദ് സാം പീറ്റർ എന്ന മലയാളിയാണ് ഈ മറാത്തി ചിത്രത്തിന്റെ സംവിധായകൻ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം ചലച്ചിത്ര പുരസ്‌ക്കാരങ്ങളാണ് അദ്ദേഹത്തിന്റെ ഈ മറാത്തി ചിത്രം സ്വന്തമാക്കിയത്. ലണ്ടൻ,കാലിഫോർണിയ, ഇറ്റലി , ഓസ്‌ട്രേലിയ, സ്വീഡൻ, ഫിലിപ്പീൻസ്, തുർക്കി, ഇറാൻ, അർജന്റീന, ലബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങളും ഈ പട്ടികയിൽ പെടും.
നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികൾക്കിടയിലേക്ക് ഒരു നായ്‌ക്കുട്ടി കടന്നുവരുന്നതും, തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഈ രണ്ട് കുട്ടികളുടെ മാനസിക സംഘർഷങ്ങളും നിഷ്‌ക്കളങ്കതയുമാണ് ചിത്രം പറയുന്നത്. പൂനെയിലും പരിസര പ്രദേശങ്ങളിലുമായാണ് ‘പഗ് ല്യാ’യുടെ ചിത്രീകരണം പൂർത്തീകരിച്ചത്.