ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനവുമായി മുന്നോട്ടു പോവുകയാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയ്ക്ക് റിലീസ് ദിവസം മുതലേ പോസിറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചത്. ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയ സിനിമ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ത്രില്ലിങ്ങായ സ്റ്റോറി ടെല്ലിങ്ങും പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ ഷോകളുടെ എണ്ണത്തിലും തുടരും മുൻപന്തിയിൽ എത്തിയെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്
ചിത്രത്തിന്റെ കേരളത്തിലെ ഷോ കൗണ്ട് 45000 കടന്നു എന്നാണ് പുതിയ വിവരം. പുലിമുരുകൻ നേടിയ 41000 ഷോയുടെ റെക്കോർഡ് ആണ് തുടരും മറികടന്നത്. റിലീസ് ചെയ്ത് ആഴ്ചകൾ കഴിയുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം 115 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 231.33 കോടി ഗ്രോസ് ആണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. 28 ദിവസങ്ങള്‍ക്ക് ശേഷവും ഹൗസ്ഫുള്‍ ഷോസുമായാണ് മോഹന്‍ലാല്‍ ചിത്രം മുന്നേറുന്നത്. അതുകൊണ്ട് എമ്പുരാന്റെ ഇന്‍ഡസ്ട്രി ഹിറ്റ് പദവിയും മോഹന്‍ലാല്‍ തന്നെ ഒരുപക്ഷെ തിരുത്തികുറിച്ചേക്കാം
കഴിഞ്ഞ ദിവസം ചിത്രത്തിൽ നിന്നൊരു മേക്കിങ് വീഡിയോ തരുൺ മൂർത്തി പങ്കുവെച്ചിരുന്നു. ഒരു ബാത്റൂമിന് മുന്നിലുള്ള സീൻ തരുൺ മൂർത്തി മോഹൻലാലിനും ശോഭനയ്ക്കും വിവരിച്ച് കൊടുക്കുന്നതും തുടർന്ന് ആ സീൻ ഇരുവരും അഭിനയിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.മികച്ച അഭിപ്രായങ്ങളാണ് ഈ മേക്കിങ് വീഡിയോക്ക് താഴെ വരുന്നത്. ‘കാണുമ്പോൾ അയ്യേ ഇത്രേം ഉള്ളോ ഇത് സിമ്പിൾ അല്ലെ എന്ന് തോന്നും വേറൊന്നും കൊണ്ടല്ല ചെയ്തു കാണിച്ചത് ലാലേട്ടനും ശോഭനയും ആയത് കൊണ്ടാണ്’, എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.