
ദേശീയ പൾസ് പോളിയോ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിലുടനീളം പോളിയോ വിതരണം നടക്കുന്നു. നിങ്ങളുടെ വീടുകളിലുള്ള 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് നിർബന്ധമായും അടുത്തുള്ള പോളിയോ ബൂത്തിൽ പോയി തുള്ളി മരുന്ന് നൽകുക.
ഇന്ന് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ഡേ. അതിശക്തവും അത്രതന്നെ ഏകീകൃതവുമായ പോരാട്ടത്തിലൂടെയാണ് നമ്മള്‍ പോളിയോ എന്ന മാരകരോഗത്തെ രാജ്യത്ത് നിന്ന് തുടച്ച് നീക്കിയത്. 2011ല്‍ പശ്ചിമബംഗാളിലെ ഹൗറയിലാണ് രാജ്യത്തെ അവസാനത്തെ പോളിയോ ബാധിച്ച വ്യക്തിയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീടിന്ന് വരെ ഇന്ത്യയിലൊരിടത്തും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. 2012 ഫെബ്രുവരി 24-ന് പോളിയോ ബാധിത രാഷ്ട്രങ്ങളുടെ ലിസ്റ്റില്‍ നിന്ന് ലോകാരോഗ്യ സംഘടന ഇന്ത്യയെ ഒഴിവാക്കുകയും 2014 മാര്‍ച്ച് 27-ന് ഇന്ത്യ പോളിയോ വിമുക്തമായ രാഷ്ട്രമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഈ വലിയ ലക്ഷ്യം നമ്മള്‍ നേടിയെടുത്തത്. നിലവില്‍ രാജ്യത്ത് പുതിയ പോളിയോ കേസുകളൊന്നും തന്നെ ഇല്ലെങ്കിലും ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ പോളിയോ വിമുക്തമായി മാറിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളില്‍ നിന്ന് അണുബാധ പകര്‍ന്ന് കിട്ടാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് കര്‍ശനമായ രീതിയില്‍ തന്നെ രാജ്യത്ത് പോളിയോ വാക്‌സിന്‍ വിതരണം നടത്തുന്നത്.