ബെംഗലൂരു: കന്നഡ ചലച്ചിത്ര താരം പുനീത് രാജ്കുമാറിന്റെ കണ്ണുകൾ നാല് യുവാക്കൾക്ക് ആണ് കാഴ്ച നൽകിയത്. കോർണിയയുടെ മുകളിലേതും ആഴത്തിലുള്ളതുമായ പാളികൾ വേർതിരിച്ച് രണ്ട് രോഗികളെ വീതം ചികിത്സിക്കാൻ ഓരോ കണ്ണും ഉപയോഗിച്ചു. പുറത്തെ കോർണിയ ഭാഗത്ത് രോഗമുള്ള രണ്ട് രോഗികൾക്ക് മുകളിലെ പാളി മാറ്റിവച്ചു, എൻഡോതെലിയൽ അല്ലെങ്കിൽ ഡീപ് കോർണിയൽ ലെയർ രോഗമുള്ള രോഗികൾക്ക് ആഴത്തിലുള്ള പാളി മാത്രം മാറ്റിവച്ചു. അതിനാൽ, നാല് രോഗികളുടെ കാഴ്ച വീണ്ടെടുക്കാൻ രണ്ട് കോർണിയകളിൽ നിന്ന് നാല് വ്യത്യസ്ത ട്രാൻസ്പ്ലാൻറുകൾ നടത്തി. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരാളുടെ കണ്ണുകൾ നാല് പേർക്ക് ട്രാൻസ്പ്ലാന്റ് ചെയ്ത് നൽകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ട്രാൻസ്പ്ലാൻറ് നടത്തിയതെന്ന് നാരായണ നേത്രാലയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ഭുജംഗ് ഷെട്ടി പറഞ്ഞു. ഡോക്ടർ രോഹിത് ഷെട്ടിയുടെ നേതൃത്വത്തിൽ കോർണിയൽ ട്രീറ്റ്മെന്റ് ടീമിന്റെ പിന്തുണയോടെ ഡോക്ടർ യതീഷ് ശിവണ്ണ, ഡോ ഷാരോൺ ഡിസൂസ, ഹർഷ നാഗരാജ് എന്നിവരാണ് ശസ്ത്രക്രിയകൾ നടത്തിയത്.