ഇന്ത്യന്‍ സിനിമയില്‍ ബോക്സ് ഓഫീസിന്‍റെ കാര്യത്തില്‍ സമീപകാല വിസ്മയങ്ങളില്‍ ഒന്നാണ് പുഷ്പ 2. 2021 ല്‍ പുറത്തെത്തിയ പുഷ്‍പ: ദി റൈസിന്‍റെ രണ്ടാം ഭാഗം എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം പ്രേക്ഷകരില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രവുമായിരുന്നു ഇത്. പ്രേക്ഷകരുടെ, വിശേഷിച്ചും ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ പ്രീതി നേടുന്നതില്‍ വിജയിച്ചതോടെ ചിത്രം ഏത് നിര്‍മ്മാതാവും അസൂയപ്പെടുന്ന ബോക്സ് ഓഫീസ് നേട്ടത്തിലേക്ക് ഉയര്‍ന്നു. ഡിസംബര്‍ 5 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ജനുവരി 30 ന് ആയിരുന്നു. ബഹുഭാഷകളില്‍ ഒടിടിയില്‍ എത്തിയിട്ടും പുഷ്പ 2 തിയറ്ററുകളില്‍ തുടരുന്നുണ്ട്. ഇപ്പോഴിതാ ഒടിടി റിലീസിന് ശേഷമുള്ള രണ്ട് ദിവസത്തെ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിട്ടുണ്ട്.
ചിത്രം ഒടിടിയില്‍ എത്തിയ വ്യാഴാഴ്ച (30) ഇന്ത്യയില്‍ നിന്ന് നേടിയ കളക്ഷന്‍ 14 ലക്ഷമാണ്. ബുധനാഴ്ച 19 ലക്ഷം ഉണ്ടായിരുന്ന കളക്ഷനാണ് 14 ലക്ഷമായി കുറഞ്ഞത്. അത്ര കുറവേ ഉണ്ടായുള്ളൂ എന്ന് വിലയിരുത്തുന്നതാവും ശരി. എന്നാല്‍ വെള്ളിയാഴ്ച (31) ഇത് 5 ലക്ഷത്തിലേക്ക് താഴ്ന്നു. അങ്ങനെ രണ്ട് ദിവസം കൊണ്ട് 19 ലക്ഷം. ചിത്രം തിയറ്ററുകളില്‍ എത്തിയതിന്‍റെ 57, 58 ദിനങ്ങളിലെ കണക്കുകളാണ് ഇത്. പുഷ്പ 2 ന് ഏറ്റവുമധികം കളക്ഷന്‍ നേടിക്കൊടുത്ത ഹിന്ദി പതിപ്പിന്‍റെ മാത്രം കണക്കുകളുമാണ് ഇത്.
അതേസമയം നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. 23 മിനിറ്റ് അധികം ചേര്‍ത്ത എക്സ്റ്റന്‍ഡഡ് പതിപ്പ് ആണ് നെറ്റ്ഫ്ലിക്സില്‍ എത്തിയിരിക്കുന്നത്. ഈ പതിപ്പ് തിയറ്ററുകളിലൂടെയും അണിയറക്കാര്‍ റിലീസ് ചെയ്തിരുന്നു.