ന്യൂഡൽഹി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ്. പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധന– ഓഗസ്റ്റ് 18, നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി– ഓഗസ്റ്റ് 21. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് നടക്കും.