കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് പുട്ട്. മലയാളിയുടെ പ്രഭാതഭക്ഷണ ലിസ്റ്റില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പുട്ട് പക്ഷേ ബന്ധങ്ങള്‍ തന്നെ ഇല്ലാതാക്കിയേക്കാമെന്നാണ് ഒരു മൂന്നാം ക്ലാസുകാരന്റെ കുറിപ്പ്.
ഇഷ്ടമല്ലാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനായിരുന്നു പരീക്ഷയ്ക്ക് വന്ന ചോദ്യം. അതിനാണ് തനിക്ക് പുട്ട് ഇഷ്ടമല്ലാത്തതിന്റെ കാരണവും വിദ്യാര്‍ത്ഥി രസകരമായി എഴുതിയിരിക്കുന്നത്.
‘എനിക്ക് ഇഷ്ടമല്ലാത്ത ഭക്ഷണം പുട്ടാണ്. കേരളീയഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ ഇത് തന്നെയാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കി അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാവും. പിന്നെ എനിക്കത് കഴിക്കാന്‍ കഴിയില്ല’. വിദ്യാര്‍ത്ഥി പറയുന്നു.
വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരാന്‍ പറഞ്ഞാല്‍ അമ്മ അത് ചെയ്യില്ല. അപ്പോള്‍ ഞാന്‍ പട്ടിണി കിടക്കും. അതിന് അമ്മ തന്നെ വഴക്ക് പറയുമെന്നും അപ്പോള്‍ താന്‍ കരയുമെന്നും പറഞ്ഞ വിദ്യാര്‍ത്ഥി പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.