വണ്ടൂര്‍: വീട്ടുവളപ്പില്‍ കെട്ടിയിട്ട ആടിനെ വിഴുങ്ങുന്നതിനിടെ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. എറിയാട് സ്വദേശിയുടെ വീട്ടുവളപ്പില്‍ കെട്ടിയിട്ട ആടിനെയാണ് പാമ്പ് പിടികൂടിയത്.
തിരുവാലി എറിയാട് തൊണ്ടിയില്‍ പുല്ലുവളപ്പില്‍ ഹുസൈന്റെ വീട്ടുവളപ്പിലായിരുന്നു പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഹുസൈന്റെ അയല്‍വാസി കാണാതായ ആടിനെ തിരയുന്നതിനിടെ കുറ്റിക്കാട്ടില്‍ നിന്ന് കരച്ചില്‍ കേട്ടു. അവിടെ എത്തിയപ്പോഴാണ് ആടിനെ വിഴുങ്ങുന്ന പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു.
എല്ലാവരും ചേര്‍ന്ന് സാഹസികമായി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. എന്നാല്‍, ആട് അപ്പോഴേക്ക് ചത്തിരുന്നു. പെരുമ്പാമ്പിനെ നാട്ടുകാര്‍ പിന്നീട് വനപാലകര്‍ക്ക് കൈമാറി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ക്രെയിന്‍ ഉപയോഗിച്ച് മറ്റൊരു കുറ്റന്‍ പെരുമ്പാമ്പിനെ ഉയര്‍ത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും ഒരു ദിനപത്രത്തിലും പ്രചരിപ്പിച്ചത് ജനങ്ങളില്‍ ആശയകുഴപ്പത്തിനും ഇടയാക്കി.