Spread the love

സൗജന്യ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പിന് തുടക്കം കുറിച്ച് ഖത്തർ.


ദോഹ : ഖത്തറിൽ സൗജന്യ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പിന് തുടക്കമായി.  പൊതുജനാരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) പ്രൈമറി ഹെൽത്ത്കെയർ കോർപറേഷൻ എന്നിവയുടെ സഹകരണത്തിലാണ് ക്യാംപെയ്ൻ.
ഇത്തവണ പകർച്ചപ്പനി സീസൺ നേരത്തെ തുടങ്ങാൻ സാധ്യതയുള്ളതിനാലും പകർച്ചപ്പനി ബാധിച്ച് ആളുകൾ ആശുപത്രികളിൽ ചികിത്സ തേടാൻ തുടങ്ങിയതുമാണ് ഒക്‌ടോബറിൽ നടത്താറുളള പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ൻ സെപ്റ്റംബറിൽ തന്നെ തുടങ്ങിയതെന്ന് കോവിഡ്-19 നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും എച്ച്എംസി സാംക്രമിക രോഗ വിഭാഗം മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അൽഖാൽ വ്യക്തമാക്കി.കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ വിഭാഗം ആളുകൾക്കും പകർച്ചപ്പനി പിടിപെടാൻ സാധ്യതയുള്ളതിനാൽ എല്ലാവരും വാക്‌സീൻ എടുക്കണം.
രാജ്യത്തെ പൗരന്മാർക്കും പ്രവാസി താമസക്കാർക്കും വാക്‌സീൻ സൗജന്യമായി ലഭിക്കും. 27 സർക്കാർ ഹെൽത്ത് സെന്ററുകൾ, ഹമദ് മെഡിക്കൽ കോർപറേഷന്റെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ 45 സ്വകാര്യ, അർധ സർക്കാർ ആരോഗ്യ ക്ലിനിക്കുകൾ-ആശുപത്രികൾ എന്നിവിടങ്ങളിൽ ഫ്ലൂ വാക്‌സീൻ ലഭിക്കും.
പകർച്ചപ്പനി അപകടസാധ്യത കൂടുതലുള്ള 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ, ആറുമാസം മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികൾ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ എന്നിവർക്കാണ് വാക്‌സിനേഷൻ ക്യാംപെയ്‌നിൽ മുൻഗണന.
കോവിഡ് കാലമായതിനാൽ പകർച്ചപ്പനി സീസൺ എത്തും മുൻപേ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടത് അനിവാര്യമാണ്. രണ്ടും ശ്വാസകോശത്തെ ബാധിക്കുന്നവയാണ്.
കോവിഡിനും പകർച്ചപ്പനിക്കും കാരണമാകുന്ന വൈറസുകൾ വ്യത്യസ്ത ഇനങ്ങളിലുള്ളതായതിനാൽ കോവിഡ് വാക്‌സീൻ പകർച്ചപ്പനിക്കെതിരെയോ പകർച്ചപ്പനി വാക്‌സീൻ കോവിഡിനെതിരെയോ സംരക്ഷണം നൽകില്ല.അതിനാൽ കോവിഡ്, പകർച്ചപ്പനി പ്രതിരോധ വാക്‌സീനുകൾ രണ്ടും എടുക്കേണ്ടത് പ്രധാനമാണെന്നും ഡോ.അൽഖാൽ ഓർമപ്പെടുത്തി.

Leave a Reply