Spread the love
ലോകകപ്പ്: സന്ദര്‍ശക വിസ ഫാന്‍ വിസയാക്കി മാറ്റാം, വിസാ നിയമങ്ങളില്‍ വീണ്ടും മാറ്റം വരുത്തി ഖത്തര്‍

ദോഹ: 2022 ഫിഫ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിസാ നിയമങ്ങളില്‍ വീണ്ടും മാറ്റം വരുത്തി ഖത്തര്‍. സന്ദര്‍ശക വിസയില്‍ ഖത്തറില്‍ എത്തുന്നവര്‍ക്ക് ലോകകപ്പിനോട് അനുബന്ധിച്ച്‌ വിസ, ഫാന്‍ വിസയാക്കി മാറ്റാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തത്.

ലോകകപ്പ് കാണാനെത്തുന്ന ഹയ്യാ കാര്‍ഡുള്ള സന്ദര്‍ശകര്‍ക്കാണ് പ്രസ്തുത ആനുകൂല്ല്യം ലഭ്യമാവുക.
നവംബര്‍ ഒന്നിന് മുന്‍പായി രാജ്യത്ത് പ്രവേശിച്ച സന്ദര്‍ശകര്‍ക്കാണ് ഇത്തരത്തില്‍ സന്ദര്‍ശക വിസ ഫാന്‍ വിസയാക്കാനുള്ള അവസരം ലഭിക്കുക. 2022 ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഹയ്യാ കാര്‍ഡുളളവര്‍ക്ക് മാത്രമാണ് പ്രസ്തുത ആനുകൂല്ല്യം ലഭ്യമാവുകയെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സന്ദര്‍ശക വിസ ഫാന്‍വിസയാക്കി മാറ്റാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്, എംഒഐ സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് സമീപിക്കാവുന്നതാണ്. അഞ്ഞൂറ് റിയാല്‍ ഫീസായി നല്‍കിയാല്‍ സന്ദര്‍ശക വിസ ഫാന്‍ വിസയിലേക്ക് മാറ്റാമെന്നാണ് ഖത്തര്‍ അറിയിക്കുന്നത്. ഇത്തരത്തില്‍ വിസ മാറ്റുന്ന സന്ദര്‍ശകര്‍ക്ക് 2023 ജനവരി 23 വരെ ഖത്തറില്‍ തുടരാന്‍ സാധ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു

Leave a Reply