Spread the love
ലോകകപ്പിനായി ഖത്തര്‍ ഒരുക്കുന്നത് 1100 ഇലക്ട്രിക് ബസുകള്‍; 2700 ബസ് സ്റ്റോപ്പുകള്‍

ദോഹ: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ ഇലക്ട്രിക്കല്‍ ആക്കി മാറ്റുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി ഖത്തര്‍. 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പിന് മുമ്പായി 1100 ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കാനാണ് പദ്ധതി. ഇതോടൊപ്പം യാത്രക്കാരുടെ സൗകര്യങ്ങള്‍ പരിഗണിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 2700 ബസ് സ്റ്റോപ്പുകളും സജ്ജീകരിക്കും.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് ഗതാഗത സംവിധാനങ്ങള്‍ പരമാവധി പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ഖത്തര്‍ നാഷനല്‍ വിഷന്‍ 2030ന്റെ ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് നല്‍കിയ സന്ദേശത്തില്‍ അറിയിച്ചു. ഇതിലൂടെ അടുത്ത വര്‍ഷത്തോടെ 25 ശതമാനം മുവാസലാത്ത് (കര്‍വ) ബസുകളും ഇലക്ട്രിക്കലാകും. ഫുട്‌ബോള്‍ ആരാധകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളില്‍ എത്തിക്കുന്നതിനായാണ് 1100 ഇലക്ട്രിക് ബസ്സുകള്‍ അധികൃതര്‍ ഒരുക്കുന്നത്. ലോകകപ്പ് സമാപിച്ചാല്‍ ഈ ബസ്സുകള്‍ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കും.

ഇലക്ട്രിക് ബസ്സുകള്‍ക്കായി 700 ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍), ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷനും (കഹ്‌റമാ), പൊതുഗതാഗത മന്ത്രാലയം എന്നിവ സംയുക്തമായാണ് പദ്ധതികള്‍ നടപ്പാക്കി വരുന്നത്. മുവാസലാത്ത്, വിവിധ ഖത്തര്‍ കമ്പനികള്‍, രാജ്യാന്തര സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍ എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്. വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരുന്നതിനായി പൊതു യാത്രാ ബസ്സുകള്‍, സര്‍ക്കാര്‍ സ്‌കൂള്‍ ബസ്സുകള്‍, മെട്രോ ഫീഡര്‍ ബസ്സുകള്‍ എന്നിവ ക്രമേണ വൈദ്യുതി വാഹനങ്ങളാക്കാനാണ് പദ്ധതി. പൊതുഗതാഗതം പൂര്‍ണമായും വൈദ്യുതിയിലേക്ക് മാറുക വഴി 2030ഓടെ രാജ്യത്തെ കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറക്കാന്‍ കഴിയുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ. നിലവില്‍ ദോഹ മെട്രോ, ലുസൈല്‍ ട്രാം ട്രെയിന്‍ എന്നിവ പരിസ്ഥിതി സൗഹൃദ ഇന്ധനത്തിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

Leave a Reply