ദോഹ: യാത്രാ നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞുവന്ന സാഹചര്യത്തില്‍ ആണിത്. വ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യങ്ങളെ പച്ച, ചുവപ്പ് എന്നീ പട്ടികകളില്‍ ഉള്‍പ്പെടുത്തി പട്ടിക പുതുക്കി.
കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന രാജ്യങ്ങളെ ഉള്‍പ്പെടുത്തി എക്‌സെപ്ഷനല്‍ റെഡ് കണ്‍ട്രീസ് എന്ന മൂന്നാമതൊരു പുതിയ പട്ടിക കുടി പ്രസിദ്ധീകരിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങളെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15 രാജ്യങ്ങൾ റെഡ് ലിസ്റ്റില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഖത്തറിലേക്ക് വരുന്നവര്‍ യാത്രയ്ക്കു മുമ്പായി www.ehteraz.gov.qa എന്ന വെബ്‌സൈറ്റില്‍ യാത്രയ്ക്കു മുമ്പേ രജിസ്റ്റർ ചെയ്യണം. പിസിആർ ടെസ്റ്റ് ഫലം, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയ രേഖകൾ മൂന്ന് ദിവസം മുൻപ് അപ് ലോഡ് ചെയ്യണം. ഖത്തറിലേക്ക് വരുന്നവർ ഇഹ്ത്തിറാസ് ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്യണം.
ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഇഹ്തിറാസ് വെബ്‌സൈറ്റിലും എയര്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളിലും ലഭ്യമായ സത്യവാങ്മൂലം ഫോറം ഒപ്പിട്ടുനല്‍കണമെന്നതാണ് മറ്റൊരു നിബന്ധന. എന്നാൽ ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന ഖത്തറില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവർക്കു ഈ നിബന്ധന ബാധകമല്ല.
ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പൂര്‍ണമായി വാക്‌സിന്‍ എടുത്ത 12 വയസ്സിന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഖത്തറിലെത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. പകരം ഖത്തറിലെത്തി 36 മണിക്കൂറിനകം പിസിആര്‍ ടെസ്റ്റ് നടത്തണം. സന്ദര്‍ശക വിസയില്‍ പൂര്‍ണമായി വാക്‌സിനെടുത്ത ആൾക്കാർക്ക് ക്വാറന്റൈന്‍ വേണ്ടെങ്കിലും അവര്‍ ഖത്തറിലെത്തുന്നതിന് 72 മണിക്കൂര്‍ മുമ്പ് പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം.
റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പൂര്‍ണ വാക്‌സിനേഷന്‍ നേടിയ 12 വയസ്സിന് മുകളില്‍ പ്രായമുള്ളവർകും ക്വാറന്റൈന്‍ ആവശ്യമില്ല. ഇവര്‍ ഖത്തറിലേക്ക് വരുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിലും ഖത്തറിലെത്തി 36 മണിക്കൂറിനുള്ളിലും പിസിആര്‍ ടെസ്റ്റ് നടത്തണം.
എക്‌സെപ്ഷനല്‍ റെഡ് ലിസ്റ്റില്‍ പെട്ട ഇന്ത്യ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തവരാണെങ്കില്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. വരുന്നതിനു മുൻപ് 72 മണിക്കൂറിനുള്ളിലും ഖത്തറിലെത്തിയ ശേഷം 36 മണിക്കൂറിനുള്ളിലും ഇവര്‍ ടെസ്റ്റ് നടത്തണം.
പൂര്‍ണമായി വാക്‌സിന്‍ എടുത്ത് വിസിറ്റി വിസയില്‍ വരുന്നവര്‍ രണ്ടു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. വാക്‌സിൻ എടുക്കാത്തവര്‍ക്ക് വിസിറ്റ് വിസയില്‍ ഖത്തര്‍ പ്രവേശനം അനുവദിക്കുന്നില്ല.