ചെർപ്പുളശ്ശേരി: ക്യു നെറ്റ് തട്ടിപ്പിൽ ചെർപ്പുളശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ. മണ്ണാർക്കാട്, കല്ലടിക്കോട് സ്വദേശികളായ മുഹമ്മദ് സുൽഫിക്കർ, അജ്മൽ ഹസ്സൻ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കച്ചേരിക്കുന്നിലുള്ള നുസൈബ എന്ന സ്ത്രീയുടെ പരാതി പ്രകാരമാണ് ചെറുപ്പുളശ്ശേരി പോലീസ് കേസെടുത്തത്. സ്വയംതൊഴിൽ ബിസിനസ് ക്യൂ നെറ്റ് വഴി നടത്താമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ബന്ധുക്കളായ പ്രതികൾ ഇവരിൽ നിന്നും മൂന്നു ലക്ഷം രൂപ തട്ടിയെടുത്തത്. പിന്നീടാണ് ഇതൊരു മണിച്ചെയിൻ മാതൃകയിൽ ഉള്ള ബിസിനസ് ആണെന്ന് പരാതിക്കാരി മനസ്സിലാക്കിയത്. കൂടുതൽ ആളുകളെ ചേർത്തിയാൽ അതിനുള്ള കമ്മീഷൻ കിട്ടുമെന്ന് പ്രതികൾ ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇവരിൽ വിശ്വാസം ആർജിക്കുന്നതിനുവേണ്ടി നോട്ടറി വക്കീലിനെ കൊണ്ട് ഒരു അഫിഡവിറ്റും തയ്യാറാക്കി. ഇംഗ്ലീഷ് പരിജ്ഞാനം കുറവായതിനാൽ അവർ പറയുന്ന രേഖകളിലെല്ലാം ഒപ്പിട്ടു കൊടുത്തു.
പാലക്കാട് ജില്ലയിൽ പല ഭാഗത്തും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും, വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ നിന്നും ബോധ്യപ്പെട്ടു. ധാരാളം ചെറുപ്പക്കാർ ഇത്തരം ചതിയിൽപ്പെട്ട് വരുന്നു. അടുത്ത ബന്ധുക്കളെ ആണ് സാധാരണ ഇവർ കണ്ണികളായി ചേർക്കാറുള്ളത്. ബന്ധുക്കൾ ആയാൽ പരാതി പോകില്ല എന്നതാണ് ഇത്തരക്കാരുടെ വിജയം. പണം നേരിട്ടാണ് ഇവർ കൈപ്പറ്റാറുള്ളത്. ബാങ്ക് മുഖേന ആയാൽ തെളിവുകൾ ആകും എന്നതിനാലാണ് നേരിട്ട് പണം കൈപ്പറ്റുന്നത്.
ചെർപ്പുളശ്ശേരി സി ഐ എം സുജിത്ത്, എസ് ഐ എം സുനിൽ, കല്ലടിക്കോട് എസ്ഐ ഡോമിനിക്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിനു ജോസഫ്, ഷാഫി, എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ ഒറ്റപ്പാലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.