ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍.
1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. ആൽബർട്ട് രാജകുമാരന്‍റേയും എലിസബത്ത് ബോവ്സിന്‍റേയും മകളായാണ് ജനനം.1947ൽ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാൾസ്, ആൻ, ആൻഡ്രൂ,എഡ്വേർഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002 ൽ രാജഭരണത്തിന്‍റെ സുവർണ ജൂബിലിയാഘോഷിച്ചു. 2012 ൽ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. 2015 ൽ വിക്ടോറിയയുടെ റെക്കോർഡ് മറികടന്നു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളിൽ ഒരാളായിരുന്നു രാജ്ഞി.